
കൊണ്ടോട്ടി: വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം. ലോക്ക് ഡൗണും സാമൂഹിക അകലവും ലംഘിച്ചാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മലപ്പുറം - കോഴിക്കോട് ഡിസിസികളുടെ നേതൃത്വത്തിൽ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ വി വി പ്രകാശ് ,കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ ടി സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അതിജീവന സത്യാഗ്രഹത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. കെ.മുരളീധരൻ എംപിയും പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. വേദിയിൽ പത്തോളം പേരെ ഉള്ളൂവെങ്കിലും സദസിലും കാഴ്ച്ചക്കാരുമായി നിരവധിയാളുകൾ പരിപാടിക്ക് എത്തിയിട്ടുണ്ട്.
നിരോധനാജ്ഞ ലംഘനത്തിന് കേസെടുക്കുന്നെങ്കിൽ ആയിക്കോളൂ. പ്രവാസികൾ വിദേശത്തും ഞങ്ങൾ ജയിലിലും കിടക്കാൻ തയ്യാറാണ്. ഈ ദുരിതകാലത്ത് തന്നെ ബാർ ലൈസൻസ് കൊടുക്കുകയാണ് സർക്കാർ. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് മുഖ്യമന്ത്രിയിപ്പോൾ. രണ്ട് ലക്ഷം ആളുകളുടെ ഡേറ്റ ശേഖരിക്കാൻ പോലും കെൽപ്പിലാത്തവരാണ് നമ്മുടെ ഐടി വകുപ്പ് - പ്രതിഷേധ സമരത്തിൽ സംസാരിച്ചു കൊണ്ട് കോഴിക്കോട് എംപി കെ.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam