രാജ്ഭവന് മുന്നിൽ കോൺഗ്രസ് ധർണ്ണ: അറിയിച്ചില്ലെന്ന് പരാതിയുമായി നേതാക്കൾ, വിട്ടുനിൽക്കുന്നു

By Web TeamFirst Published Apr 25, 2020, 11:34 AM IST
Highlights

പ്രത്യേക വിമാനത്തിൽ വിദേശത്തുള്ള ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് എംഎം ഹസ്സന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തുന്നത്

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ധർണ്ണയിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നു. പ്രത്യേക വിമാനത്തിൽ വിദേശത്തുള്ള ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ.

മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. എന്നാൽ ഇക്കാര്യം അറിയിച്ചില്ലെന്ന് പരാതി ഉയർത്തി ഒരുവിഭാഗം നേതാക്കൾ വിട്ടുനിൽക്കുകയാണ്. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, മൺവിള രാധാകൃഷ്ണൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവരാണ് വിട്ടുനിന്നത്.

അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി എസ് ശിവകുമാർ, കെഎസ് ശബരിനാഥ് എന്നിവർ സമരത്തിൽ പങ്കെടുക്കാനെത്തി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. എല്ലാ രാജ്യങ്ങളും പൗരൻമാരെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. പ്രവാസികളുടെ പ്രശ്നം കേന്ദ്രസർക്കാർ ഗൗരവമായി കാണണം. ഗുരുതര രോഗമുള്ളവരെ തിരികെ കൊണ്ട് വരണമെന്നും മരുന്നുകൾ രാജ്യങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമരം. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് സമരം.

click me!