ആർഎസ്എസ് പരാമർശം: സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി, നടപടി വേണമെന്നാവശ്യം 

By Web TeamFirst Published Nov 15, 2022, 8:54 AM IST
Highlights

സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം

ദില്ലി : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.

ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും. 

കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമ‌ർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട്  സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം. 

''ആർ.എസ്.എസ് നേതാവ്  ശ്യാമപ്രസാദ് മുഖർജിയെ  സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ ജവഹർലാൽ നെഹ്റു മനസു കാണിച്ചു. വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറായി കൊണ്ടാണ് നെഹ്റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്റുവിൻ്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു'' കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം. 

വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സുധാകരനെതിരെ രംഗത്തുവന്നു. നെഹ്‌റുവിനെ ചാരി കെ സുധാകരൻ തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. കെ പി സി സി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

 

click me!