
കോട്ടയം: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷം. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റും വേണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയതിനെത്തുടര്‍ന്നാണ് പി ജെ ജോസഫ് ഇടഞ്ഞത്. പ്രശ്നം പരിഹരിക്കൻ ഇന്ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടക്കും.
തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും തുടക്കമായി. ജോസ് പക്ഷം മുന്നണി വിട്ടതോടെ കൂടുതല്‍ പ്രധാന്യം യുഡിഎഫില്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. കഴിഞ്ഞ തവണ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച 15 നിയമസഭാ സീറ്റുകളും ഇക്കുറിയും കിട്ടണം, തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ 867 വാര്‍ഡുകളും വേണം എന്നിവയാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. സീറ്റ് വെച്ചുമാറണമെങ്കില്‍ ചര്‍ച്ച നടത്താം. അല്ലാതെയുള്ള ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും പി ജെ ജോസഫ് പറയുന്നു.
ജോസഫിന്‍റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്ന കോണ്‍ഗ്രസും യുഡിഎഫും പരമാവധി ആറ് നിയമസഭാ സീറ്റ് വരെ അവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 15 എന്ന ആവശ്യം ഉന്നയിക്കുമ്പോഴും പിജെ ജോസഫ് പത്തില്‍ തൃപ്തനാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ സീറ്റിന്റെ കാര്യത്തിലും തര്‍ക്കം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായകമാണ്. ജോസ് കെ മാണി മുന്നണി വിട്ടതോടെ മധ്യകേരളത്തില്‍ അവര്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന് നോട്ടമുണ്ട്. പല നേതാക്കളും സീറ്റില്‍ കണ്ണുവച്ച് ചരട് വലികള്‍ തുടങ്ങിക്കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam