
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റിമറിച്ച നേതാവാണ് വി എസ് അച്യുതാനന്ദൻ. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു.
ജീവിതത്തിലുടനീളം അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വിഎസ് ജനകീയനായത്. എകെജിക്ക് ശേഷം കേരളം കണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജനകീയ നേതാവായി പ്രതിപക്ഷ നേതാവായ സമയത്ത് വിഎസ് അച്യുതാനന്ദൻ മാറി. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഎസ് നിയമസഭയിൽ എന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, നിയമസഭയ്ക്ക് പുറത്ത് നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുമെന്നും എകെ ആന്റണി ഓർത്തെടുത്തു.
മുഖ്യമന്ത്രിയായ വി എസ് സമരനായകനില്‍ നിന്ന് വികസന നായകനായി മാറി. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി വലിയ ശ്രമങ്ങള്‍ അദ്ദേഹം നടത്തി. ഞാന്‍ കേന്ദ്രമന്ത്രിയായ സമയത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി ദില്ലിയിൽ വി എസ് എന്നെ കാണാനെത്തിയിരുന്നു. അവസാന നാളുകൾ വരെ വിഎസുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞെന്നും എ കെ ആന്റണി അനുസ്മരിച്ചു.