
ഇടുക്കി: രാജ്യത്ത് വനവിസ്തൃതി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ഇടുക്കിയിൽ യുഡിഎഫിനെതിരെ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് എൽഡിഎഫ്. ഇടുക്കിയെ ദോഷകരമായി ബാധിക്കുന്നതാണ് ഇതെന്നാണ് ആരോപണം. അടിസ്ഥാന രഹിതമാണെന്നും വനവിസ്തൃതി കൂട്ടാൻ നടപടി സ്വീകരിച്ചത് സംസ്ഥാന സർക്കാരാണെന്നുമാണ് യുഡിഎഫ് നിലപാട്.
രാജ്യത്തെ വനവിസ്തൃതിയിൽ 2015 മുതൽ 2020 വരെയുള്ള കാലത്ത് കുറവുണ്ടായിട്ടുണ്ടെന്നും ഇത് വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും കോൺഗ്രസിൻറെ പ്രകടന പത്രികയിലുണ്ട്. ഇത് ഇടുക്കി ജില്ലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് എൽഡിഎഫിൻറെ പ്രചാരണം. വനവിസ്തൃതി കൂട്ടുമ്പോൾ ആളുകൾ കുടിയിറങ്ങേണ്ടി വരുമെന്നാണ് എൽഡിഎഫ് പ്രചാരണം.
അതേസമയം ഇടതുപക്ഷം നടത്തുന്ന കള്ളപ്രചാരണം, ഇടുക്കിയിലെ ജനങ്ങളെ മുൻപ് കബളിപ്പിച്ചത് ആവർത്തിക്കാനുള്ള ശ്രമമാണെന്നാണ് യുഡിഎഫ് പറയുന്നത്. കുഞ്ചിത്തണ്ണി വില്ലേജിൽ 87.37 ഹെക്‌ടർ ഭൂമിയും ചിന്നക്കനാൽ വില്ലേജിലെ 364.89 ഹെക്ടറും കുടയത്തൂർ പഞ്ചായത്തിൽ 280 ഹെക്ടർ ഭൂമിയും വനമാക്കാൻ വിജ്ഞാപനം ഇറക്കിയത് എൽഡിഎഫ് സർക്കരാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. വന്യജീവി ആക്രമണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രചാരണം നടത്തിയിരുന്ന യുഡിഎഫിനെതിരെ കോൺഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യപനം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് എൽഡിഎഫ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam