​ഗോപിനാഥിനെ തിരികെ വിളിക്കാൻ സാധ്യത? അനുമതി നൽകി ഹൈക്കമാൻഡ്, എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ

Published : Aug 31, 2021, 11:31 AM IST
​ഗോപിനാഥിനെ തിരികെ വിളിക്കാൻ സാധ്യത? അനുമതി നൽകി ഹൈക്കമാൻഡ്,  എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ

Synopsis

പാര്‍ട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാന്‍ ഗോപിനാഥും ഒപ്പമുള്ളവരും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ​ഗോപിനാഥ് തയ്യാറാണെന്ന സൂചന നൽകുന്നു.

തിരുവനന്തപുരം: ഇന്നലെ പാർട്ടിയിൽ നിന്നും രാജിവച്ച മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.വി.​ഗോപിനാഥിനെ പാ‍ർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള ആലോചനകൾ ആരംഭിച്ചു. ​ഗോപിനാഥിനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് കേരള നേതൃത്വത്തിന് അനുമതി നൽകിയിട്ടുണ്ട്. തന്നെ അത്രയെളുപ്പം കൈയ്യൊഴിയാൻ ​ഗോപിനാഥിനാവില്ലെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അനുനയസാധ്യതകൾ ഇന്നലെ തന്നെ സജീവമാക്കിയിരുന്നു. 

പാര്‍ട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാന്‍ ഗോപിനാഥും ഒപ്പമുള്ളവരും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ​ഗോപിനാഥ് തയ്യാറാണെന്ന സൂചന നൽകുന്നു. ​ഗോപിനാഥിനെ ഒപ്പം ചേർക്കാൻ സിപിഎം സന്നദ്ധമാണെങ്കിലും ആ നിലയിൽ അദ്ദേഹം തുടർനീക്കങ്ങൾ നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. 

അതേസമയം ​ഗോപിനാഥിനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളോട് എ ​ഗ്രൂപ്പിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പിണറായി വിജയൻ്റെ ചെരുപ്പ് നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ​ഗോപിനാഥിനെ തിരികെ കൊണ്ടു വരാനുള്ള നീക്കം അപഹാസ്യമാണെന്ന് എ ​ഗ്രൂപ്പ് വിമർശിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തും തുടർന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയ ​ഗോപിനാഥിനോട് മൃദുസമീപനവും പാർട്ടിയിലെ മറ്റു നേതാക്കളോട് കർക്കശ നിലപാടും എന്ന നില അം​ഗീകരിക്കാനാവില്ലെന്നാണ് എ, ഐ ​ഗ്രൂപ്പുകളുടെ നിലപാട്. 

ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർകോട്ടേയും മലപ്പുറത്തേയും നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം പുനസംഘടനയെ വിമർശിച്ച കെപി അനിൽകുമാറിനേയും പിഎസ് പ്രശാന്തിനേയും കെ.ശിവദാസൻ നായരേയും ക‍ർക്കശമായി നേരിടുകയും ചെയ്തു പാർട്ടിയിൽ നിലനിൽക്കുന്ന ഈ ഇരട്ടനീതി ​ഗ്രൂപ്പുകൾ ചർച്ചാ വിഷയമാക്കി ഉയർത്തി കൊണ്ടു വരുന്നുണ്ട്. 

അതേസമയം എ.വി. ഗോപിനാഥിന് കോൺ​ഗ്രസിലേക്ക് തിരിച്ചു വരാമെന്ന് കെപിസിസി പ്രചരണസമിതി തലവൻ കെ.മുരളീധരൻ പറഞ്ഞു. അർഹിച്ച സ്ഥാനം ​ഗോപിനാഥിന് പാർട്ടി നൽകും. അദ്ദേഹം  അച്ചടക്കം ലംഘിച്ചിട്ടില്ല. പിണറായിയുടെ ചെരുപ്പ് നക്കും എന്നു പറഞ്ഞത് മാത്രമാണ് ഗോപിനാഥിന്റെ തെറ്റെന്നും മുരളീധരൻ പറഞ്ഞു. അതേസമയം ഗോപിനാഥ് താഴെ തട്ടിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ചയാളാണെന്നും വലിയ ജനപിന്തുണയാണ് അദ്ദേഹത്തിനുള്ളതെന്നും സിപിഎം സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും