'ആസ്ഥാന വിദൂഷകന്‍റെ മണ്ടത്തരത്തിന് കുട്ടികളുടെ മെക്കിട്ട് കേറേണ്ട'; ജിതിനെ സംരക്ഷിക്കുമെന്ന് സുധാകരന്‍

Published : Sep 23, 2022, 08:52 PM ISTUpdated : Sep 23, 2022, 08:56 PM IST
'ആസ്ഥാന വിദൂഷകന്‍റെ മണ്ടത്തരത്തിന് കുട്ടികളുടെ മെക്കിട്ട് കേറേണ്ട'; ജിതിനെ സംരക്ഷിക്കുമെന്ന് സുധാകരന്‍

Synopsis

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വീണ്ടും രംഗത്ത്. കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്‍റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്‍റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓർക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

എകെജി സെന്‍ററിന് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ മായം കലർത്തി മയക്കിയാണ് പലതും പറയിപ്പിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. പടക്കമെറിയേണ്ട കാര്യം കോൺഗ്രസിനില്ല. കെപിസിസി ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടിയില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ  വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാറിന്‍റെ തലക്കകത്തെന്താണെന്ന് അറിയില്ല. ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് അവന്‍റെ ബോധമനസ്സിനെ മയക്കി അവന്‍ വായില്‍ തോന്നിയതെന്തോ പറയുകയാണ്. ഇന്ന് കസ്റ്റഡിയിലെടുത്ത ജിതിനും ചോക്ലേറ്റ് കൊടുത്തു എന്നാണ് വിവരം. പൊലീസിന്‍റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എകെജി സെന്‍ററല്ല, അതിനപ്പുറത്തെ സെന്‍റര്‍ വന്നാലും ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്നും സുധാകരന്‍ പറഞ്ഞു. 

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസും വിശദീകരിച്ചു. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബൽറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യത്യിൽ ഇടതു മുന്നണി അസ്വസ്ഥരാണെന്നും ശ്രദ്ധ തിരിച്ചുവിടാനാണ് അറസ്റ്റെന്നും ബല്‍റാം പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ