
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ഇടപെടുന്നു. ജോസ് കെ മാണിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. പാല ഉപതെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തര്‍ക്കമൊഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം. അതേസമയം, തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി ഇന്ന് തൊടുപുഴ കോടതിയെ സമീപിക്കും. പാര്‍ട്ടി ചെയര്‍മാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്‍റെയും നിലപാട്.
പ്രകോപനപരമായ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരു നേതാക്കളും വിമര്‍ശനം തുടരുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞ് ശ്രമിക്കുമ്പോൾ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ പോലും തര്‍ക്കമാണ്. രണ്ടില നല്‍കില്ലെന്നാണ് ജോസഫിന്‍റെ നിലപാട്. ''രണ്ടിലച്ചിഹ്നം നൽകുന്നത് ഒരു വ്യക്തിയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷനല്ലേ? അത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തീരുമാനിക്കട്ടെ.'' എന്നായിരുന്നു ഇതിന് ജോസ് കെ മാണിയുടെ മറുപടി.
അതേസമയം, കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് താഴേത്തട്ടിലേക്കും പോഷകസംഘടനകളിലേക്കും വ്യാപിക്കുകയാണ്. കേരള കോണ്‍ഗ്രസ് വനിതാ വിഭാഗം ഇന്നലെ പിളര്‍ന്നു. പാര്‍ട്ടിയുടെ യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും കഴിഞ്ഞ ദിവസം പിളര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam