രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, 'നാടിന് തന്നെ അപമാനം, ഒരു നിമിഷം പാർട്ടിയിൽ തുടരരുത്, എംഎൽഎ സ്ഥാനം രാജിവയ്ക്കണം'

Published : Dec 03, 2025, 11:30 AM IST
rahul women leaders

Synopsis

രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്

തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്. കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എന്നിവർ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി.

എം എൽ എ സ്ഥാനം രാജിവയ്ക്കണം

രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും സജന ബി സാജനും ആവശ്യപ്പെട്ടത്. ഒരു നിമിഷം പോലും രാഹുൽ പാർട്ടിയിൽ തുടരരുതെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. നേരത്തെ തന്നെ ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും മറ്റ് പാർട്ടിക്കാരെപോലെ ആരെയും കോൺഗ്രസ്‌ സംരക്ഷിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. രാഹുൽ എം എൽ എ സ്ഥാനമടക്കം രാജിവയ്ക്കണമെന്നാണ് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിന് എതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് ജെബി മേത്തർ പറഞ്ഞത്. രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് സ്വീകരിചത് സ്ത്രീപക്ഷ നിലപാടാണെന്നും നേരത്തെ എടുത്ത നടപടി കൂട്ടായ തീരുമാനമാണെന്നും ആരുടെയും വ്യക്തിപരമായ തീരുമാനം അല്ലെന്നും അവർ വിവരിച്ചു. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസിലും വിമർശനം

ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും സജന ഫേസ്ബുക്കിൽ കുറിച്ചു. എം എൽ എ സ്ഥാനമടക്കം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് വി പി ദുൽഖിഫിലും രംഗത്തുവന്നിരുന്നു. ജനങ്ങളെ അതിവൈകാരികത കാണിച്ച് രാഹുൽ വഞ്ചിച്ചു. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ ഉപേക്ഷിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. എംഎൽഎ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ്. സസ്പെൻഡ് ചെയ്ത പാർട്ടി തീരുമാനത്തെ പുല്ല് വില നൽകാതെ പുച്ഛിച്ച് മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമോ, സൈബർ ഇടങ്ങളിലെ പിന്തുണയോ അല്ല പാർട്ടി പരിഗണിക്കേണ്ടതെന്നും ദുൽഖിഫിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും
ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'