
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതു ജനങ്ങൾക്ക് ഇടയിൽ ഭീതി പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ പ്രവചരിപ്പിച്ചതിന് നാലോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തുന്നത് ആദ്യമാണ്.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് കാക്കൂരിൽ കൊവിഡിനെക്കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസും കോഴിക്കോട് ഒന്നും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എറണാകുളം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസ്സുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും സര്‍ക്കാര്‍ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയും കേസെടുത്തിട്ടുണ്ട്.
കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക