ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും മകനുമെതിരെ കോൺഗ്രസ് പ്രവർത്തകൻ പൊലീസിൽ പരാതി നൽകി

By Web TeamFirst Published Feb 6, 2023, 7:48 PM IST
Highlights

ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ഉമ്മൻചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. കോൺഗ്രസ് നടുവണ്ണൂർ മുൻ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പൊലീസിൽ പരാതി നൽകിയത്. 

അതേസമയം ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.  ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

ജർമനിയിൽ നൽകിയ ചികിൽസയ്ക്കു ശേഷം തുടർ ചികിൽസകൾ ഉമ്മൻ ചാണ്ടിക്ക് കിട്ടിയില്ലെന്ന ആരോപണവുമായാണ് ഇളയ സഹോദരൻ അലക്സ് വി ചാണ്ടിയടക്കം 42 കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. പരാതിയുടെ ഉള്ളടക്കത്തെ തളളി ഉമ്മൻ ചാണ്ടി തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണിയുടെ ഇളയമകൾ അച്ചു ഉമ്മനൊഴികെ കുടുംബത്തിലെ മറ്റെല്ലാവരും ചേർന്നു ഉമ്മൻ ചാണ്ടിക്ക് ചികിൽസ നിഷേധിക്കുകയാണെന്നാണ് അനിയന്റെ ആരോപണം.

പിതൃ സഹോദരന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് വിവാദത്തിനില്ലെന്ന നിലപാടിലാണ് ചാണ്ടി ഉമ്മൻ. മികച്ച ചികിൽസ കിട്ടുന്നുണ്ടെന്ന് ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ് കുടുംബം. ചികിൽസയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ചാണ്ടിയും മറ്റ് കുടുംബാംഗങ്ങളും ആവർത്തിക്കുകയും ചെയ്തു.

ജർമ്മനിയിലെ ചികിൽസയ്ക്കു ശേഷമുള്ള തുടർ ചികിൽസകൾക്കായി അടുത്ത ദിവസങ്ങളിൽ തന്നെ ഉമ്മൻ ചാണ്ടിയെ ബാംഗ്ലൂരിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന. ചികിൽസയിൽ തൃപ്തനാണെന്ന് ഉമ്മൻ ചാണ്ടി തന്നെ പറയുമ്പോൾ സഹോദരൻ നൽകിയ പരാതിയിൽ തുടർ നടപടികളെടുക്കുന്നതിൽ നിയമപരമായ പരിമിതികളുണ്ടെന്ന സൂചനയാണ് സർക്കാർ വ്യത്തങ്ങൾ നൽകുന്നത്.
 

click me!