തലേക്കുന്നിൽ ബഷീറിന് വിട: യാത്രാമൊഴിയേകി പിറന്ന നാടും പ്രിയപ്പെട്ടവരും

By Web TeamFirst Published Mar 26, 2022, 7:50 PM IST
Highlights

കെഎസ്‍യുവിലൂടെയായിരുന്നു ബഷീർ രാഷ്ട്രീയത്തിലെത്തിയത്. ചിറയിൻകീഴിൽ നിന്ന് ലോക്സഭാംഗമായും, കഴക്കൂട്ടത്ത് നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറക്കം നടത്തി. വെഞ്ഞാറമൂട് പേരുമല ജുമാ മസ്ജിദ് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലിയാണ് ഇവിടെയെത്തിയത്. കൊടിക്കുന്നിൽ സുരേഷ് എം പി, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം വിൻസന്റ് എം എൽ എ  തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. മൃതദേഹം കെ പി സി സി ആസ്ഥാനത്തും ഡി സി സി ആസ്ഥാനത്തും പൊതുദർശനത്തിന് വെച്ചപ്പോഴും നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

ഇന്നലെയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചത്. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ 4.20 ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിയിരുന്നു. 

കെഎസ്‍യുവിലൂടെയായിരുന്നു ബഷീർ രാഷ്ട്രീയത്തിലെത്തിയത്. ചിറയിൻകീഴിൽ നിന്ന് ലോക്സഭാംഗമായും, കഴക്കൂട്ടത്ത് നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എംഎൽഎ സ്ഥാനം എ കെ ആന്‍റണിക്ക് വേണ്ടി രാജിവെച്ചു. രണ്ടുതവണ രാജ്യസഭാംഗമായും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. 2011 ൽ കെ പി സി സി ആക്ടിങ് പ്രസിഡന്റായിരുന്നു. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്നു. പരേതയായ സുഹ്റയാണ് ഭാര്യ. നടന്‍ പ്രേം നസീറിന്‍റെ സഹോദരിയാണ് സുഹ്റ.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു തലേക്കുന്നില്‍ ബഷീര്‍. സംഘടനാ രംഗത്തും പാര്‍ലമെന്‍ററി രംഗത്തും ഒരുപോലെ തിളങ്ങിയ നേതാവ്. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്ന ബഷീര്‍ കെ എസ്‍ യു ജില്ലാ പ്രസിഡന്‍റ് മുതല്‍ കെ പി സി സി ആക്ടിങ് പ്രസിഡന്‍റ് വരെയായിരുന്നു.

ബഷീറും ആന്റണിയും

കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ എല്ലാ കാലത്തും എ കെ ആന്‍റണിയുടെ വിശ്വസ്തനായിരുന്നു ഇദ്ദേഹം. 1977 കേരള രാഷ്ട്രീയത്തില്‍ ഒരു ത്യാഗം കുറിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു. രാജൻ കേസിനെ തുടര്‍ന്ന് കരുണാകരന്‍ രാജിവച്ചപ്പോള്‍ എ കെ ആന്റണിക്ക് മുഖ്യമന്ത്രിയാവാന്‍ ഒരു എംഎല്‍എ രാജിവച്ചൊഴിഞ്ഞ വര്‍ഷം. കന്നിവിജയത്തിന്റെ മധുരം മാറും മുമ്പായിരുന്നു തലേക്കുന്നില്‍ ബഷീര്‍ കഴക്കൂട്ടത്തിന്റെ എംഎല്‍എ സ്ഥാനം രാജിവച്ച് ആന്റണിക്ക് കേരളനിയമസഭയിലേക്ക് വഴിയൊരുക്കിയത്. അന്ന് പ്രായം മുപ്പത്തി ഒന്നുമാത്രം. പകരംകിട്ടിയ പദവിയുമായി രാജ്യസഭയിലേക്കെത്തിയപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞനേതാവെന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. 

ആന്റണി, വയലാര്‍, ഉമ്മന്‍ചാണ്ടി കാലത്ത് തലസ്ഥാനത്തെ സംഘടനാ രാഷ്ട്രീയത്തിന്റെ തല ബഷീറായിരുന്നു. ജില്ലാ അധ്യക്ഷനായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കേരള രാഷ്ട്രീയത്തിലേക്ക് വളര്‍ന്നു.  മൂന്ന് പതിറ്റാണ്ടോളം കെ പി സി സിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. ജനറല്‍ സെക്രട്ടറിയായും കെ പി സി സി ഉപാധ്യക്ഷനായും വര്‍ക്കിങ് പ്രസിഡന്റായും കോണ്‍ഗ്രസില്‍ സജീവമായൊരു കാലത്തെ അദ്ദേഹം അടയാളപ്പെടുത്തി.

വയലാര്‍ രവിക്ക് പിന്നാലെ എത്തിയാണ് 1984  ല്‍ ചിറയന്‍കീഴിന്റെ എം പിയായയത്. 1989 ല്‍ വിജയം ആവര്‍ത്തിച്ച അദ്ദേഹം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ സുശീല ഗോപാലനോട് 1106 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എ സമ്പത്തിനോട് തോറ്റതോടെയാണ് 1996 ല്‍ ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അവസാനമാകുന്നത്. പടിപടിയായി ഉയരാനുള്ള രാഷ്ട്രീയവും പദവികള്‍ ഒഴിയാനുള്ള മനസും രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ നിര്‍വികാര മുഹൂര്‍ത്തങ്ങളായി കൊണ്ടുനടന്നൊരു തലയെടുപ്പുള്ള അധ്യായമാണ് തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ബാക്കിവയ്ക്കുന്നത്.

click me!