മിന്നൽ ഹർത്താൽ; ഡീൻ കുര്യാക്കോസിന് എതിരായ കോടതിയലക്ഷ്യക്കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

By Web TeamFirst Published Mar 18, 2019, 7:19 AM IST
Highlights

കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും. ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസിനെ 198 കേസുകളിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്
 

കൊച്ചി: കാസർകോട് ഇരട്ടക്കൊലപാതകത്തെ തുടർന്ന്  മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഡീൻ കുര്യാക്കോസിനൊപ്പം കാസർകോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീൻ, എ ഗോവിന്ദൻ നായർ എന്നിവർക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. 

മിന്നൽ ഹര്‍ത്താൽ പാടില്ലെന്ന കോടതി വിധി അറിയില്ലേ എന്നും ഡീൻ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരൻ നമ്പ്യാരും അടങ്ങിയ ഡിവിഷൻ ബെഞ്ച് നേരെത്തെ ചോദിച്ചിരുന്നു. എന്നാൽ താൻ എൽഎൽബിക്ക് പഠിച്ചിട്ടേ ഉള്ളുവെന്നും പ്രാക്ടീസ് ചെയതിട്ടില്ലെന്നും  മിന്നൽ ഹർത്താൽ നിരോധിച്ചുള്ള ജനുവരി ഏഴിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെപ്പറ്റി അറിവില്ലാതെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു ഡീൻ കുര്യാക്കോസ്  ഹൈക്കോടതിയെ അറിയിച്ചത്.  കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും. ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസിനെ 198 കേസുകളിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്
 

click me!