Latest Videos

ആലപ്പുഴ കുടിവെള്ള പദ്ധതി ക്രമക്കേട്; കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം അട്ടിമറിച്ചു

By Web TeamFirst Published Nov 13, 2019, 9:18 AM IST
Highlights

കുടിവെള്ള പദ്ധതിയുടെ മൂന്നാം റീച്ചിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെതിരെ ആലപ്പുഴ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പലതവണ നൽകിയ റിപ്പോർട്ടുകള്‍ നല്‍കിയിരുന്നു.

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്നത് ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ. ക്രമക്കേട് നടത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആവർത്തിച്ചുള്ള ആവശ്യം ജല അതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിച്ചു. കരാറുകാരന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുടിവെള്ള പദ്ധതിയുടെ മൂന്നാം റീച്ചിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെതിരെ ആലപ്പുഴ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പലതവണ നൽകിയ റിപ്പോർട്ടുകള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ നൽകിയ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു – നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനാൽ ഒന്നരകിലോമീറ്ററിൽ അടിക്കടി പൊട്ടലുണ്ടാകുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടില്ല. പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ മറുപടി നൽകുന്നില്ല. പൈപ്പ് കമ്പനിയെയും കരാറുകാരനെയും കരിമ്പട്ടികയിൽപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കണം. എന്നാൽ ഒന്നിനു പിറകെ മറ്റൊന്നായി റിപ്പോർട്ടുകൾ തിരുവനന്തപുരത്തേക്കും കൊച്ചിയിലെ മേഖലാ ഓഫീസിലേക്കും പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, കരാർ കാലാവധി നിലനിൽക്കെ ജല അതോറിറ്റി തന്നെ ലക്ഷങ്ങൾ മുടക്കി തുടർച്ചയായി ഉണ്ടായ പൈപ്പ് പൊട്ടലിന്‍റെ അറ്റകുറ്റപ്പണികളും ചെയ്തു.

ജലഅതോറിറ്റിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ കരിമ്പട്ടികയിൽ ഉൾപെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്നാണ് വ്യവസ്ഥ. പിന്നീട് ഒരു കരാർ ജോലിയും നൽകാനും പാടില്ല. എന്നാൽ ഇവിടെ പരാമവധി സംരക്ഷണം നൽകിയെന്ന് മാത്രമല്ല പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കാനുള്ള ജോലികൾ വീണ്ടും അതേ കരാറുകാരന് തന്നെ നൽകി. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച മന്ത്രിതല യോഗത്തിൽ പോലും നിർണായകമായ ഈ റിപ്പോർട്ടുകൾ ഉയർന്നുവന്നില്ലെങ്കില്‍ ആരൊക്കെയോ ചേർന്ന് അതെല്ലാം ചർച്ചകളിൽ നിന്ന് ഒഴിവാക്കിയെന്നതും വ്യക്തമാണ്. 

click me!