
മലപ്പുറം: എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടി യുവാവിന്റെ കാലുകളൊടിഞ്ഞ സംഭവത്തിൽ വെളിപ്പെടുത്തലുമായി കരാറുകാരൻ. നടന്നത് ക്രൂരമർദനമാണെന്ന് കരാറുകാരൻ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലി. സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലിയത്. രാത്രി സിഐടിയുക്കാർ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയത്. ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവർ മർദനം തുടർന്നതായും സുരേഷ് പറഞ്ഞു.
പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴാണ് ഫയാസിന്റെ കാലുകളൊടിഞ്ഞതെന്നും മദ്യപിച്ച് എത്തിയ സംഘമാണ് മർദിച്ചതെന്നും സുരേഷ് വിശദമാക്കി. രണ്ട് കാലുകളും ഒടിഞ്ഞ ഫയാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കാനുളള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുളള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുളള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടതോടെ തൊഴിലാളികള്‍ ചിതറിയോടി.
ഇതിനിടയില്‍ രക്ഷപ്പെടാന്‍ പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്‍ കെട്ടിടത്തിനു മുകളിലേക്ക് ഓടി. പിന്തുടര്‍ന്ന് എത്തിയ സിഐടിയുകാരന്‍ അടിക്കുമെന്ന് ഉറപ്പായതതോടെ ഷാജഹാന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടി. ഫയാസിന്‍റെ രണ്ടു കാലുകളും ഒടിഞ്ഞു.
കെട്ടിട ഉടമയെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിഐടിയുകാര്‍ വഴങ്ങിയില്ല. നോക്കു കൂലി നല്‍കാമെന്ന് പറഞ്ഞായിരുന്നു അനുനയശ്രമം. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ ഫയാസിനെ പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പ്രതികരിക്കാന്‍ സിഐടിയു നേതാക്കള്‍ ആരും തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam