വിജയ്  പി നായരുടെ യൂട്യൂബ് അക്കൗണ്ട് പ്രൈവറ്റ് ആക്കി

By Web TeamFirst Published Sep 29, 2020, 8:36 AM IST
Highlights

യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുന്നത്. 

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന വീഡിയോകൾ ചെയ്ത അശ്ലീല വ്ലോഗർ വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് പ്രൈവറ്റായി. ഇതോടെ ഇയാൾ ചെയ്ത വീഡിയോകൾ സാധാരണ രീതിയിൽ ഇനി കാണാൻ കഴിയില്ല. യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുന്നത്. 

യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 67, 67 (a) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ ഉടൻ അറസ്റ്റുണ്ടാവില്ല.

സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാൾ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയിൽ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാൽ ചെന്നൈയിൽ ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല.

click me!