ജോലി സമയത്ത് ജീവനക്കാര്‍ക്ക് സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാം; വിചിത്ര ഉത്തരവുമായി എം ജി സർവ്വകലാശാല

By Web TeamFirst Published Feb 27, 2020, 2:47 PM IST
Highlights

സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെയും വൈകുന്നേരവും ഹാജർ വെക്കാനും അനുമതിയുണ്ട്. 

കോട്ടയം: ജോലി സമയത്ത് ജീവനക്കാർക്ക് സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകി വിചിത്രമായ ഉത്തരവിറക്കി എംജി സർവ്വകലാശാല. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ കെട്ടിക്കിടക്കുമ്പോഴാണ് അഞ്ഞൂറിലധികം ജീവനക്കാർ ശമ്പളത്തോടെ രണ്ട് ദിവസം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉത്തരവിനെക്കുറിച്ച് പരിശോധിക്കുമെന്ന് എംജി വിസി ഡോ സാബു തോമസ് വ്യക്തമാക്കി. ഫയലുകള്‍ കെട്ടിക്കിടക്കാൻ  അനുവദിക്കരുതെന്നാണ് എംജി സര്‍വ്വകലാശാല ജീവനക്കാരോട് മന്ത്രി കെടി ജലീലിന്‍റെ ഉപദേശം.

ഭരണാനുകൂല സംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍റെ 36 ആം വാര്‍ഷിക സമ്മേളനമാണ് സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ വച്ച് നടക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാൻ അസോസിയേഷന്‍റെ എല്ലാം അംഗങ്ങള്‍ക്കും അനുമതി നല്‍കിയാണ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ആര്‍ പ്രേംകുമാര്‍ ഉത്തരവിറക്കിയത്. രാവിലെയും വൈകുന്നേരവും പതിവുപോലെ ഹാജര്‍ രേഖപ്പെടുത്തി വേണം സമ്മേളനത്തില്‍ പങ്കെടുക്കാനെന്നും വിചിത്രമായ ഉത്തരവില്‍ പറയുന്നു.

ജോലി സമയത്ത് ശമ്പളത്തോടൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കാൻ രേഖാമൂലം അനുമതി കിട്ടിയപ്പോള്‍ ജീവനക്കാര്‍ കൂട്ടമായി തന്നെ പരിപാടിക്കെത്തി. 1200 ജീവനക്കാരാണ് എംജി സര്‍വ്വകലാശാലയിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ്. സാധാരണ അവധി ദിവസങ്ങളില്‍ നടത്താറുള്ള സമ്മേളനം പ്രവൃത്തി ദിവസങ്ങളില്‍ സംഘടിപ്പിച്ചത് സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ആയിരക്കണക്കിന് ഫയലുകളാണ് സര്‍വ്വകലാശാലയില്‍ കെട്ടിക്കിടക്കുന്നതെന്ന് കഴിഞ്ഞയാഴ്ച ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. 

click me!