കേരളാ കോൺ​ഗ്രസിൽ തർക്കം രൂക്ഷം; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി

By Web TeamFirst Published Jul 24, 2019, 5:09 PM IST
Highlights

ക്വാറമില്ലാത്തതിനാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റുകയാണെന്നും നാളെ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്നും കളക്ടർ അറിയിച്ചു. 

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കേരളാ കോണ്‍ഗ്രസ്, ജോസ് കെ മാണി വിഭാഗങ്ങള്‍ വിട്ട് നിന്നതിനെത്തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ ഇന്ന് നടത്താനിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. പ്രശ്നം പരിഹരിക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളേയും ഇന്ന് വൈകിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

രാവിലെ 11 മണിക്ക് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചാത്തില്‍ എത്തിയപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങൾ മാത്രമേ ഹാജരായിരുന്നുള്ളൂ. ക്വാറമില്ലാത്തതിനാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റുകയാണെന്നും നാളെ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്നും കളക്ടർ അറിയിച്ചു. കേരളാ കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇറക്കി വിജയിപ്പിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പിന് ശേഷമുള്ള അധികാരത്തര്‍ക്കം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ്. ജോസ് കെ മാണിയും പിജെ ജോസഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രത്യേകം വിപ്പ് നല്‍കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

ഇന്ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളാണുള്ളത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്താല്‍ പരസ്പരം അയോഗ്യതാ ഭീഷണി ഉണ്ടാകും. ഇതോടെ ജോസഫിനാണോ ജോസിനാണോ പിന്തുണ നല്‍കേണ്ടതെന്ന ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രശ്നം പരിഹരിക്കാത്തതിനാല്‍ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്നത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാൻ തീരുമാനിക്കുയായിരുന്നു.

22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരളാ കോണ്‍ഗ്രസിന് ആറും എല്‍ഡിഎഫിന് ഏഴും ജനപക്ഷത്തിന് ഒരംഗവുമാണ് ഉള്ളത്. കേരളാ കോണ്‍ഗ്രസിലെ ആറ് പേരില്‍ നാല് പേര്‍ ജോസ് കെ മാണിക്കൊപ്പവും രണ്ട് പേര്‍ ജോസഫിനൊപ്പവുമാണ്. ഇരുപക്ഷവും സ്ഥാനാര്‍ത്ഥികളെ പിൻവലിക്കില്ലെന്ന് പ്രഖ്യാപിച്ച് ഉറച്ച നിലപാടിലാണുള്ളത്. 
  

click me!