ഏപ്രിൽ ഒന്ന് മുതൽ പേരിനൊപ്പം ബാങ്കെന്ന് ഉപയോഗിക്കാനാകില്ല; സംസ്ഥാനത്തെ സഹകരണമേഖല കടുത്ത ആശങ്കയില്‍

By Web TeamFirst Published Jan 5, 2021, 6:40 AM IST
Highlights

സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും. ചെക്ക് ഉപയോഗിക്കാനാകില്ലെന്നതും തിരിച്ചടിയാണ്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിർബന്ധമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഏപ്രില്‍ 1ന് മുമ്പ് പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ചേര്‍ക്കേണ്ടി വരും. ചെക്ക് ഉപയോഗിക്കാനാകില്ല. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരമണേഖലക്ക് വലിയ തരിച്ചടിയാകുമെന്ന ആശങ്ക ശക്തമാവുകയാണ്

കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി വരുന്ന ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ്വ് ബാങ്കിന് ലഭിക്കുകയാണ്. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. നിയമഭേദഗതി നിലവില്‍ വരുന്നതോടെ പേരിനൊപ്പം ഇനി ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല. 

സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും. ചെക്ക് ഉപയോഗിക്കാനാകില്ലെന്നതും തിരിച്ചടിയാണ്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. 

പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിലിക്കാനൊരുങ്ങുകയാണ്. ബാങ്കിംഗ് നിയമഭേദഗതി പാര്‍ലമെന്‍റ് പാസാക്കിയതിനാല്‍ ഇനി അത് മറികടക്കുക എളുപ്പമല്ല. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഭാവി നടപടി തീരുമാനിക്കുമെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി.

click me!