കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്ത് കൊവിഡ് ബാധിതന്‍; വിദേശിക്കൊപ്പം ടിക് ടോക് വീഡിയോ എടുത്ത് നാട്ടുകാര്‍

By Web TeamFirst Published Mar 16, 2020, 9:32 AM IST
Highlights

നാട്ടുകാരിൽ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെൽഫിയെടുത്തു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് വിവരം. 

തൃശ്ശൂര്‍: കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില‍്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്‍റെ പരിശോധനയില്‍ വ്യക്തമായി. ഈ മാസം 8ന് ഇയാള്‍ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തു. ഇതിനിടെ, നാട്ടുകാരിൽ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെൽഫിയെടുത്തു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് വിവരം. 

മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയ്ക്ക്, തൃശ്ശൂർ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘമെത്തി. തുടര്‍ന്ന്, ഇവിടുന്നതെ സെക്യൂരിറ്റി ജീവനക്കാരുമായി ഇയാള്‍ സംസാരിച്ചു. നാല് മണിക്ക് ശേഷമേ ക്ഷേത്രം തുറക്കൂ എന്നും വിദേശികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല എന്നും സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ അറിയിച്ചു. കുട്ടനെല്ലൂർ ഉത്സവം നടക്കുന്നുണ്ടെന്ന് സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശികള്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. പതിനായിരക്കണത്തിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവമാണ് കുട്ടനെല്ലൂരിലേത്.

കുട്ടനെല്ലൂരില്‍ എത്തിയ ബ്രിട്ടീഷ് പൗരനുമായി പലരും അടുത്തിടപഴകിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോ ആരോഗ്യ വകുപ്പിന് ലഭിച്ചു. വിദേശി ഉത്സവത്തിനെത്തിയതിന്‍റെ കൗതുകത്തില്‍ നാട്ടുകാരിൽ പലരും ഇയാള്‍ക്കൊപ്പം സെൽഫിയെടുത്തു. ഇയാള്‍ക്കൊപ്പം എടുത്ത ടിക് ടോക് വീഡിയോ അടക്കമുള്ളവ ആരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

"

click me!