'ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണം,ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്': ആരോഗ്യമന്ത്രി

By Web TeamFirst Published Jan 29, 2020, 6:45 PM IST
Highlights

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആകെ 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി

തിരുവനന്തപുരം: ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ചൈനയില്‍ പോയി വന്നവര്‍ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് മുന്നോട്ട് വയ്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി."ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും"

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആകെ 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 പേരില്‍ ഒന്‍പത് പേരെ ഡിസ്ചാര്‍ജ് ചെയ്‍തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരുടെ ഫലം വരാനുണ്ട്. ബുധനാഴ്ച അഡ്മിറ്റാക്കിയ മൂന്ന് പേരുടെ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

click me!