കൊറോണ: വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു, മാസ്കും അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Jan 31, 2020, 6:08 AM IST
Highlights

കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പരിശീലനം നല്‍കും. മാസ്‍കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. തല്‍ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദ്യാര്‍ത്ഥിനിയെ മാറ്റില്ല. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പരിശീലനം നല്‍കും. മാസ്‍കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. തൃശ്ശൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരും. 

ഡോക്ടർമാരുള്‍പ്പെടെയുള്ള വിദഗ്ധരുമായി നടത്തിയ അവലോകനയ യോഗത്തിന് ശേഷം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിപ്പിക്കുന്ന  വ്യാജവാർത്തകളുടെയെല്ലാം ഉറവിടം കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം കൊറോണ വൈറസ് ബാധ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, നിലവില്‍ രോഗബാധിതയായ വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
 

click me!