തിരു.ദേവസ്വം ബോ‍ർഡില്‍ മരാമത്ത് പണികളിൽ ലക്ഷങ്ങളുടെ ക്രമക്കേട്; അഴിമതി കണ്ടെത്തിയവരെ പുറത്താക്കാൻ നീക്കം

By Web TeamFirst Published Jan 10, 2022, 5:33 AM IST
Highlights

ദേവസ്വത്തിൻറെ കീഴിലുള്ള ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ എന്നിവങ്ങളിലെ മരാമത്ത് പണികളിലും ഫർണിച്ചവർ വാങ്ങിയതിലുമാണ് അഴിമതി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോ‍ർഡില്‍(TRAVANCORE DEVASWOM BOARD) മരാമത്ത് പണികളിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് (CORRUPTION)ദേവസ്വം വിജിലൻസിൻെറ(VIGILANCE) കണ്ടെത്തൽ.ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥർ തന്നെ ബിനാമിപ്പേരിൽ കാരാറെടുക്കുകയും പണിചെയ്യാതെ ബോർഡിൽ നിന്നും പണം വാങ്ങിയെന്നുമാണ് വിജിലൻസിൻെറ കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ ആറു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. എന്നാൽ അഴിമതി പുറത്തുകൊണ്ടുവന്ന വിജിലൻസ് ഉദ്യോഗസ്ഥരെ പുറത്താക്കാണ് ഇപ്പോള്‍ സർക്കാർ നീക്കം.

മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് ദേവസ്വം വിജിലൻസ് പരിശോധന നടത്തിയത്. 2018- 19 സാമ്പത്തിക വർഷത്തിൽ മാത്രം നടന്ന 207 നിർമ്മാണ പ്രവർത്തികളിലായിരുന്നു പരിശോധന. ദേവസ്വത്തിൻറെ കീഴിലുള്ള ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ എന്നിവങ്ങളിലെ മരാമത്ത് പണികളിലും ഫർണിച്ചവർ വാങ്ങിയതിലുമാണ് അഴിമതി. ടെണ്ടർ വിളിക്കാതെ അടിയന്തര സാഹചര്യമെന്നു പറഞ്ഞാണ് പല നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നത്. 

കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.ദേവസ്വം പൊതുമരാമത്ത് നിർമ്മാണം നടത്തിയാൽ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി ഗുണനിലവാരം പരിശോധിക്കണം. ഇതുനടക്കുന്നില്ല. കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരമായി ദേവസ്വത്തിന്‍റെ പണം കവരുന്നു. 2018-19 കാലയളവിൽ മാവേലിക്കര ഡിവിഷനിൽ മാത്രം നടന്നത് ഒരു കോടി 60 ലക്ഷത്തിന്‍റെ മരാമത്ത് പണികളാണ്. ഇതിൽ മാത്രം 60 ലക്ഷം രൂപയുടെ തട്ടിച്ചുവെന്നാണ് കണ്ടെത്തൽ. 

പല പ്രവർത്തികളും നടത്തിയിരിക്കുന്നത് രേഖകളിൽ മാത്രം. പണം നൽകിയ പല ബില്ലുകളിലും കരാ‍റുകാർ ഒപ്പിട്ടില്ല. മുൻ ദേവസ്വം പ്രസിഡൻറിൻറെ പി.എയായി പ്രവ‍ർത്തിച്ച പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻറെ വാക്കാലുള്ള നിർദ്ദേശ പ്രകരം പോലും നിർമ്മാണ പ്രവർത്തികള്‍ നടത്തി കരാറുകാർക്ക് പണം തട്ടിയതായി രേഖകളിലുണ്ട്. 

ദേവസ്വം ബോ‍ർഡിൻെറ ഓഫീസുകളിൽ ലക്ഷങ്ങളുടെ ഫർണിച്ചവർ എല്ലാ വർഷവും വാങ്ങുന്നുണ്ട്. വാങ്ങിയ ഫർണിച്ചറുകളൊന്നും സ്ഥാപനങ്ങളിൽ ഇല്ല. രണ്ടു ഡിവിഷനുകളിൽ ഒരു വർഷം ഇത്രയും അഴിമതി നടന്നതിനാൽ ദേവസ്വത്തിൻെറ കീഴിലുള്ള എല്ലാ ഡിവിഷനുകളിലും അന്വേഷണം നടന്നാൽ വലിയ അഴിമതി പുറത്തുവരുമെന്നും ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തു. സംസ്ഥാന വിജിലൻസിന് കൈമാറി സമഗ്രമായ അന്വേഷണം വേണമെന്ന ദേവസ്വം വിജിലൻസിന്‍റെ ശുപാർശ ബോർഡ് അംഗീകരിച്ച് സർക്കാരിന് കൈമാറി.ഈ അഴിമതി പുറത്തുകൊണ്ടു വന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഡെപ്യുട്ടേഷൻ നീട്ടീ നൽകണമെന്നും ബോർഡ് ശുപാർശ ചെയ്തു.ഇത് ആഭ്യന്തര വകുപ്പും അംഗീകരിച്ചു.എന്നാൽ ഈ ഉദ്യോഗസ്ഥരെയെല്ലാം ഉടനടി പൊലീസിലേക്ക് മടക്കി അയക്കാനാണ് ദേവസ്വം വകുപ്പ് തീരുമാനം.


 

click me!