സിവിൽ സർവ്വീസിൽ അഴിമതി പെരുകുന്നു; 5 വർഷത്തിനിടയിൽ 665 അഴിമതി കേസുകൾ

By Web TeamFirst Published Oct 19, 2021, 12:54 PM IST
Highlights

നിയമസഭയുടെ നടപ്പ് സമ്മേളനത്തിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് സിവിൽ സർവ്വീസിലെ അഴിമതി സംബന്ധിച്ച കണക്ക് വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ സർവ്വീസിൽ അഴിമതി (Corruption) പെരുകുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 665 അഴിമതി കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിവിൽ സർവീസ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. അഴിമതി പൂർണമായും ഇല്ലാതാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിയമസഭയുടെ നടപ്പ് സമ്മേളനത്തിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് സിവിൽ സർവ്വീസിലെ അഴിമതി സംബന്ധിച്ച കണക്ക് വെളിപ്പെടുത്തിയത്. പിണറായി സർക്കാർ അധികാരമേറ്റത് മുതലുള്ള കണക്കനുസരിച്ച് സിവിൽ സർവ്വീസ് ജീവനക്കാരുൾപ്പെട്ട 665 അഴിമതി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി. 304 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിലാണ് എറ്റവുമധികം അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തത്. 

സിവിൽ സർവ്വീസ് സംഘടനകൾ സംഘടിപ്പിച്ച നവകേരംല ശിൽപ്പശാല ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. സിവിൽ സർവ്വീസിൻ്റെ കാര്യക്ഷമത ഉറപ്പ് വരുത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടത്ത് ജീവനക്കാർ ആവശ്യത്തിലധികവും ചിലയിടത്ത് കുറവുമാണ്. മാനദണ്ഡം പാലിച്ച് പുനർവിന്യാസം ആലോചിക്കണം. സർക്കാരിൻ്റെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തുന്നത് സിവിൽ സർവ്വീസിലുടെയാണ്. അത് കൊണ്ട് തന്നെ കൃത്യമായ നിർവ്വഹണവും കൃത്യമായ പരിശോധനയും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

click me!