
തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും പൊതുജനങ്ങളോടുളള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതിയുമായി കേരള പൊലീസ്. മാനസിക സമ്മർദ്ദമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസിലിംഗ് ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പ്രത്യേക സൗകര്യമൊരുക്കിയതായി പൊലീസ് അറിയിച്ചു. ഹെൽപ് ആന്‍റ് അസിസ്റ്റൻസ് ടു ടാക്കിൾ സ്ട്രസ്സ് എന്ന പേരിലാണ് പുതിയ സംവിധാനം. വിദഗ്ധരായ മനശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സേവനം ഇവിടെ പൊലീസുകാർക്കായി ലഭ്യമാക്കും.
കൗൺസിലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കുമെന്നും അർഹമായ യാത്രാ ബത്തയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
എല്ലാ ജില്ലാ പൊലീസ് മേധാവിമാരും മാസത്തില്‍ ഒരു മണിക്കൂറെങ്കിലും തങ്ങളുടെ കീഴില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കുകയും പ്രശ്നങ്ങള്‍ കേട്ട് അവ പരിഹരിക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിലവിലുളള 'ബഡ്ഡി സിസ്റ്റം' പോലെ ഒരു ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കുവാന്‍ കഴിയുന്നതും ശ്രമിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് ഇതിലൂടെ ഉദ്യോഗസ്ഥരുടെ ഇടയില്‍ സഹകരണ മനോഭാവം ഉണ്ടാകുകയും അതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് യോഗയും, ശ്വസനവ്യായാമങ്ങളും ജോലിയോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ ക്രമീകരിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാനസികമായും ശാരീരികമായും ചുറുചുറുക്കുളള ഉദ്യോഗസ്ഥരെ പ്രത്യേകം ആദരിക്കാന്‍ യൂണിറ്റ് മേധാവികള്‍ നടപടി സ്വീകരിക്കും. വര്‍ഷാവര്‍ഷം പോലീസുദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പരിശോധന നടത്തും. ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കായിക വിനോദങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മോശമായ ഭാഷയും പെരുമാറ്റവുമുളള പോലീസുദ്യോഗസ്ഥരെ കണ്ടെത്തി അവരെ പൊതുജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്ന ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയുളള എഡിജിപി, സോണല്‍ ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍ എന്നിവര്‍ ഈ നിര്‍ദ്ദേശങ്ങളുടെ പുരോഗതി വിലയിരുത്തി അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam