കെവിൻ വധക്കേസ്: ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം; കോടതി അംഗീകരിച്ചു

By Web TeamFirst Published Mar 13, 2019, 12:43 PM IST
Highlights

കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം. നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

കോട്ടയം: കെവിൻ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷൻസ് കോടതി അംഗീകരിച്ചു. കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കെവിനെ മനപൂർവ്വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മനപൂർവ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിൻവലിക്കണമെന്നും പ്രതിഭാഗം വാദിച്ചു.  കേസ് 20ന് പരിഗണിക്കാന്‍ മാറ്റിവച്ചു. ഏപ്രിലിൽ വിചാരണ തുടങ്ങും. വിചാരണക്ക് മുൻപേ നരഹത്യയെന്ന വകുപ്പ് തളളണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി

കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ  ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

തുടർന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്‍റെ തലേദിവസം നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്‍റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

click me!