
തിരുവനനന്തപുരം: സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത കേരള ഹൈക്കോടതിക്കെതിരെ സിപിഎം മുൻ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. പണിമുടക്ക് തടയാൻ കോടതിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാൻ അവസരമുണ്ടെന്നും വിജയരാഘവൻ പ്രതികരിച്ചു.
സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ തടയേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാൻ ട്രേഡ് യൂണിയൻ നിയമത്തിലും വകുപ്പില്ലെന്ന് കോടതി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ആവശ്യമെങ്കിൽ വാഹനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പളം വാങ്ങി അവധിയെടുത്ത് സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സമരം വിലക്കി ഉത്തരവിറക്കണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. നാളെയും പണിമുടക്കുമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ. സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാരിൽ ഇന്ന് ജോലിക്കെത്തിയത് 32 പേർ മാത്രം. ഡയസ്നോണിൽ തീരുമാനമെടുക്കാതെ സർക്കാർ.
രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യ പകൽ സംസ്ഥാനത്ത് ഹർത്താലായി മാറി. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു.
ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ആർസിസിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവർക്ക് പൊലീസ് വാഹനം ഒരുക്കി.
സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. സംസ്ഥാനത്തെ മുഴുവൻ കടകമ്പോളങ്ങളും അടഞ്ഞു കിടന്നു. തട്ടുകട പോലും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ ചിലയിടങ്ങളിൽ ഓടുന്നുണ്ട്.
വ്യവസായമേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. അവശ്യ സർവ്വീസായതിനാൽ ബിപിസിലിനെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞെങ്കിലും സമരക്കാർ ജീവനക്കാരെ കടത്തിവിട്ടില്ല. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയിൽ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞു തിരിച്ചയച്ചു.
ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ അടക്കം സർവീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികൾ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. മത്സ്യമേഖലയെ പണിമുടക്ക് ബാധിച്ചില്ല. കഴിഞ്ഞയാഴ്ച രണ്ട് ദിവസം മത്സ്യത്തൊഴിലാളികൾ പണിമുടക്കിയിരുന്നത് കൊണ്ടാണിത്. ഐടി മേഖലയെ പണിമുടക്ക ബാധിച്ചില്ല. പണിമുടക്കിയ വിവിധ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി