ശിവശങ്കറിന് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

By Web TeamFirst Published Nov 17, 2020, 4:15 PM IST
Highlights

കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഇന്നലെ ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. 

കൊച്ചി: എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതള്ളി. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍  ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഇന്നലെ ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശ്യമാണെന്നായിരുന്നു ഇഡി കോടതിയില്‍ ബോധിപ്പിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശിവശങ്കറിന്‍റെ ശ്രമം. തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ് എഴുതി നല്‍കിയിരിക്കുന്നതെന്നുമായിരുന്നു കോടതിയുടെ ആരോപണം. 

click me!