
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയും യുജിസി ചട്ടങ്ങൾ ലംഘിച്ചുമുളള ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുടെ സർക്കാർ നിയമനങ്ങൾ കോടതി മരവിപ്പിച്ചു. ജസ്റ്റിസ് പി വി ആശ, മെമ്പർ കെ പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
2022ൽ സെർച്ച് കമ്മറ്റി യുജിസി ചട്ടങ്ങൾ അനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരിൽ 36 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. പിന്നീട് ബാക്കിയുളളവർ ട്രൈബൂണലിനെ സമീപിച്ചപ്പോൾ ട്രൈബൂണൽ ഉത്തരവ് പ്രകാരം കുറച്ച് പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരികി കയറ്റാൻ യുജിസി ചട്ടങ്ങൾ ലഘൂകരിച്ച് സെർച്ച് കമ്മിറ്റിയെ കൊണ്ട് ചിലരെ തെരഞ്ഞെടുത്തു. ഇതിനെതിരെ 2022ൽ സെലക്ഷൻ ലഭിച്ചവർ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി സർക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ പാലിച്ചുളള സെലക്ഷൻ കമ്മറ്റി ഉണ്ടാക്കാനും 2022ൽ യുജിസി ചട്ടം പാലിച്ച് സെലക്ഷൻ നടത്തിയതിൽ നിയമനം ലഭിക്കാത്തവരിൽ നിന്ന് പുതിയ നിയമനം നടത്താനും ട്രിബൂണൽ നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു.
യുജിസി ചട്ടപ്രകാരം യുജിസി കെയർ ലിസ്റ്റിലോ സമാന റിവ്യൂവിലോ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുളളവരെ മാത്രമാണ് പ്രിൻസിപ്പാൾ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. ഇതിന് വിരുദ്ധമായി കോളേജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാൻ ചട്ടങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു. മാത്രമല്ല ഡെപ്യൂട്ടേഷൻ പരിഗണിച്ചിരുന്നത് യുജിസി ചട്ട പ്രകാരം അധ്യാപനത്തിന് മാത്രമായിരുന്നത് മറ്റ് മേഖലകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തവരെയും പ്രിൻസിപ്പാൾമാരായി പരിഗണിക്കുന്നതിൽ ഉൾപ്പെടുത്താമെന്ന ലഘൂകരണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് ഇപ്പോൾ കോടതി മരവിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam