എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Published : Nov 08, 2024, 11:06 AM ISTUpdated : Nov 08, 2024, 05:49 PM IST
എഡിഎമ്മിന്‍റെ മരണം;  പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Synopsis

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.  തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്ത്രീ എന്ന പരിഗണന നൽകിയും സമാനമായ കേസുകളിലെ ഉത്തരവുകൾ പരാമർശിച്ചുമാണ് കോടതി ജാമ്യം അനുവദിച്ചത് - തൻ്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജയിലിന് പുറത്തെത്തിയ ദിവ്യ മാധ്യമങ്ങൾ പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് കണ്ണൂർ വനിതാ ജയിലിൽ 10 നാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പി പി ദിവ്യയ്ക്ക് ഒടുവിൽ ജാമ്യം. ഒക്ടോബർ 29ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജ് നിസാർ അഹമ്മദ് തന്നെയാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. കേസിന്റെ സൂക്ഷ്മ വശങ്ങളിലേക്ക്  കടക്കാതെ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടോ എന്ന കാര്യമാണ് പരിഗണിച്ചതെന്ന് 30 പേജുള്ള ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീയെന്ന പരിഗണനയും പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ അടക്കം ദിവ്യ ചൂണ്ടിക്കാട്ടിയ വ്യക്തിപരമായ പ്രശ്നങ്ങളും കോടതി കണക്കിലെടുത്തു. കുടുംബനാഥയായ സ്ത്രീയുടെ അസാന്നിധ്യം ചുരുങ്ങിയ കാലത്തേക്ക് ആണെങ്കിൽ പോലും കുടുംബത്തിൽ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് കർണാടകയിലെ ഭവാനി രവണ്ണ കേസ് ഉദ്ധരിച്ച പ്രതിഭാഗം ചൂണ്ടിക്കാട്ടിയ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

മുൻകൂർ ജാമ്യ അപേക്ഷയിൽ നിന്ന് വ്യത്യസ്തമാണ്  ജാമ്യ ഹർജിയുടെ സാഹചര്യമെന്നും കോടതി വ്യക്തമാക്കി. എഡിഎം കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്ന കാര്യം ഈ ഘട്ടത്തിൽ പരിഗണന വിഷയമേ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതായി ജില്ലാ കലക്ടർ നൽകിയ മൊഴിയും ഈ ഘട്ടത്തിൽ പരിഗണന വിഷയം അല്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

ജാമ്യം അനുവദിക്കുന്ന സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും മറ്റു വിവിധ ചുമതലകളും വഹിച്ചിരുന്ന ദിവ്യക്ക് സമാനമായ മറ്റു കുറ്റകൃത്യങ്ങൾ ചെയ്ത പശ്ചാത്തലം ഇല്ലെന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോട് ആണ് ജാമ്യം.

ജയിലിന് പുറത്തെത്തിയ പി പി ദിവ്യ തൻറെ നിരപരാധിത്വം തെളിയിക്കാൻ ആകുമെന്ന പ്രതീക്ഷ പങ്കുവെച്ചു. അതേസമയം കുടുംബവുമായി ആലോചിച്ച് ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നായിരുന്നു കുടുംബത്തിൻറെ അഭിഭാഷക പ്രതികരിച്ചത്. 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും