
കൊല്ലം: രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. നേരിട്ട് ഹാജരാകാനാണ് നിർദേശം. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറിന്‍റെ പരാതിയിലാണ് നടപടി. ക്രിമിനൽ മാനനഷ്ട കേസാണ് ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ഫയൽ ചെയ്തത്. ഒക്ടോബർ 14ന് പുനലൂരിൽ വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ ശ്രീലേഖ.
യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് ആണ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് പൊലീസ് നടപടി. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. സർക്കാരിൻ്റെ ഇരട്ട നീതിയെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ശ്രീലേഖയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam