'ജിഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ'? പെരിയ കേസിലെ കുറ്റപത്രത്തില്‍ പോരായ്മകളെന്ന് കോടതി

By Web TeamFirst Published Oct 29, 2019, 11:25 AM IST
Highlights

സംസ്ഥാന പൊലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു.

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി. ജിഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെയന്നായിരുന്നു കോടതിയുടെ ചോദ്യം. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം കേസ് ഡയറി സിംഗിള്‍ബെഞ്ച് പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി സര്‍ക്കാര്‍ പറയുന്നത് കൊണ്ടുമാത്രം വിശദമായ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേക്ക് കോടതി മാറ്റി. 

പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണ്ടി  കുറ്റപത്രം റദ്ദാക്കിയാണ് കോടതി കേസ് അന്വേഷണം സിബിഐക്ക് നേരത്തെ വിട്ടത്. കേസ് ഏറ്റെടുത്തെന്നും പക്ഷേ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. അപ്പീല്‍ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടത്തിയോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു.

രണ്ട് യുവാക്കൾ അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഫൊറൻസിക് സർജന്‍റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം ഒരു ഘട്ടത്തിലും നടന്നില്ല. ഏറെ ലാഘവത്തോടെയാണ് കുറ്റപത്രം പോലും തയ്യാറാക്കിയത്. ഈ കുറ്റപത്രം കൊണ്ട് വിചാരണ നടന്നാൽ നിലവിലെ പ്രതികൾ ശിക്ഷിക്കപെടില്ല. യാതൊരു വിശ്വാസ്യതയുമില്ലാത്ത അന്വേഷണമായിരുന്നു ക്രൈംബ്രാഞ്ചിന്‍റേതെന്നായിരുന്നു കുറ്റപത്രം റദ്ദാക്കികൊണ്ട് കോടതി നിരീക്ഷിച്ചത്.

മുഖ്യപ്രതിയുടെ മൊഴി വേദവാക്യമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. സാക്ഷികളേക്കാൾ പ്രതികളെയാണ് പൊലീസ് വിശ്വാസ്യത്തിലെടുത്ത്. രാഷ്ട്രീയ കൊലപാതകമെന്ന എഫ്ഐആർ ഭാഷ്യം അന്തിമ റിപ്പോർട്ടിൽ വ്യക്തിവൈരാഗ്യമായി ചുരുങ്ങി. പ്രതികൾ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്.അതുകൊണ്ട് തന്നെ രാഷ്ട്രീയ കൊലപാതകമാകാൻ സാധ്യതയുണ്ട്.

സിപിഎം പ്രാദേശിക നേതാക്കൾ ഗൂഡാലോചന നടത്തിയുള്ള കൊലപാതകമാണോയെന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് കൃത്യത്തിന് ശേഷം പ്രതികളെ പാർട്ടി ഓഫീസിൽ കൊണ്ടുപോയത്. ശരരിയായ അന്വേഷണവും വിചാരണയും ഉറപ്പാക്കേണ്ടത് മേൽക്കോടതിയുടെ ഉത്തരവാദിത്തമാണ്. പ്രതികൾ ഭരണകക്ഷിയിൽപ്പെട്ടവർ ആയതിനാൽ തന്നെ അന്വേഷണത്തിൽ രാഷ്ട്രീയ ചായ്‍വുണ്ടായതായി സംശയിക്കുന്നെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 

click me!