
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഷാരോണിന്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം, ഇരകൾക്കായുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി ശുപാർശ നൽകി. പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തിന് കോടതി ശുപാർശ നൽകിയത്.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കാമുകനായ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam