
പത്തനംതിട്ട : മാന്നാർ കല കൊലക്കേസിലെ പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.ഒന്നാം പ്രതി അനിൽ വിദേശത്താണുളളത്. . അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികൾ.
കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കലയെ കൊലപ്പെടുത്താൻ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചതായി സംശയമുണ്ട്. അത് കണ്ടെത്താനായി അന്വേഷണം വേണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി പ്രതികളെ 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ. പ്രതികൾ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.
15 വർഷം മുമ്പ് കാണാതായി, ഇന്ന് തെളിഞ്ഞത് കൊലപാതകം
മാന്നാറിൽ നിന്നും 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ തിരോധാനത്തിലാണ് ഇപ്പോൾ സത്യം പുറത്ത് വരുന്നത്. കലയുടെയും അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. അനിൽ അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു ജോലി ചെയ്തിരുന്നത്. കല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കലയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് കലയെ കാണാതായത്. തങ്ങളുടെ താൽപര്യമില്ലാതെ വിവാഹം ചെയ്തതിനാൽ അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വർഷങ്ങൾക്കു മുമ്പ് കല മറ്റൊരാൾക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടിൽ കഥകൾ പ്രചരിച്ചിരുന്നു.നിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമെന്ന് ഭർത്താവിന്റെ സംശയം, കൊലപാതകം, നുണപ്രചാരണം
കലയെ കാണാതായപ്പോൾ, തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. അന്ന് പൊലീസ് സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് അനിലിന്‍റെ മാന്നാറിലെ വീട് പുതുക്കി പണിതു. ഇതിനിടെ അനിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇസ്രയേലിൽ എത്തി. വീണ്ടും വിവാഹം കഴിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായി. കൃത്യത്തിൽ പങ്കാലിയായിരുന്ന ഒരാൾ സംഘം ചേർന്ന് മദ്യപിച്ചപ്പോൾ 15 വർഷം മുമ്പ് നടന്ന സംഭവം തുറന്ന് പറഞ്ഞു. അക്കൂട്ടത്തിൽ ഒരാൾ ഊമക്കത്തിൽ കൊലപാതകം സംബന്ധിച്ച് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് അയച്ചു. അതിൽ നിന്നു തുടങ്ങിയ അന്വേഷണമാണ് ക്രൂര കൊലപാതക വിവരം പുറത്തെത്തിച്ചത്.
നിരീക്ഷണത്തിന് ശേഷം കൃത്യത്തിൽ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ പൊലീസിന് ലഭിച്ചു. സ്ത്രീകൾ മുടിയിൽ ഇടുന്ന ക്ലിപ്പ്, സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്‍റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam