ഉത്രക്കേസ് വിചാരണ പൂർത്തിയായി: ഒക്ടോബർ 11-ന് വിധി പ്രസ്താവിക്കും

By Asianet MalayalamFirst Published Oct 4, 2021, 1:04 PM IST
Highlights

 രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ അത്യൂപർവ്വ കുറ്റകൃത്യങ്ങളിലൊന്നായ ഉത്ര കേസില്‍ ഡമ്മി പരിശോധനാ ദൃശ്യങ്ങളും അതിലൂടെ രേഖപ്പെടുത്തിയ ശാസ്ത്രീയ തെളിവുകളും  പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാകുമെന്ന  പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്രക്കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം പതിനൊന്നിന് കേസിൽ വിധി പ്രസ്താവം നടത്തും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്‍റെ അന്തിമ വാദം നടന്നത്. പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാൻ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ദ്ധസമിതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. 

മൂന്ന് മൂർഖൻ പാമ്പുകളെ ഉപയോഗിച്ചാണ് പൊലീസ് ഡമ്മി പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കിയപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്.

ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്‍റെ പല്ലുകള്‍ക്കിടയിലുണ്ടായ ദൂരം  1.7 സെന്‍റി മീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്‍റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ ദൂരം  2 സെന്‍റി മീറ്ററിലധികമായി ഉയര്‍ന്നു.  ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ ആഴവും രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്‍റി മീറ്റര്‍ വരെയായിരുന്നു.

ഒരാളെ സ്വാഭാവികമായി  പാമ്പ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്പിന്‍റെ പല്ലുകള്‍ തമ്മിലുളള ദൂരം  എപ്പോഴും 2 സെന്‍റി മീറ്ററില്‍ താഴെയായിരിക്കും. എന്നാല്‍ ഫണത്തില്‍ പിടിച്ച് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനാലാണ്  ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്പിന്‍റെ പല്ലുകള്‍ക്കിടയിലുളള ആഴം ഇതിലും ഉയര്‍ന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഈ ഡമ്മി പരിശോധന പൊലീസ് നടത്തിയത്. 2020 ആഗസ്റ്റില്‍ കൊല്ലം അരിപ്പയിലുളള വനം വകുപ്പ് കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് ഈ ഡമ്മി പരിശോധന നടത്തിയത്. 

ഇതിനായി ഉത്രയുടേത് കൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ്ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ കിഷോര്‍ കുമാര്‍, ഫൊറന്‍സിക് വിദഗ്ധ ഡോക്ടര്‍ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന്  ശാസ്ത്രീയമായി കണ്ടെത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിക്കു മുന്നില്‍ ഉന്നയിക്കുന്നത്. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ഭര്‍ത്താവ് സൂരജ് നടപ്പാക്കിയതെന്നും തെളിവുകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കേസില്‍ മാപ്പു സാക്ഷിയായി പ്രഖ്യാപിക്കപ്പെട്ട പാമ്പു പിടുത്തക്കാരന്‍ സുരേഷിന്‍റെ മൊഴിയും  സൂരജിന്‍റെ വാദങ്ങളെ ദുര്‍ബലമാക്കി. കൊലപാതകകം , കൊലപാതക ശ്രമം, മയക്കുമരുന്ന് കലര്‍ന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങയത് ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്. രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ അത്യൂപർവ്വ കുറ്റകൃത്യങ്ങളിലൊന്നായ ഉത്ര കേസില്‍ ഡമ്മി പരിശോധനാ ദൃശ്യങ്ങളും അതിലൂടെ രേഖപ്പെടുത്തിയ ശാസ്ത്രീയ തെളിവുകളും  പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാകുമെന്ന  പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.

ഉത്രക്കേസ് നാൾവഴി -

  • 2018 മാർച്ച് 25 - ഉത്രയുടേയും സൂരജിൻ്റേയും വിവാഹം
  • 2020 മാർച്ച് 2 - ഉത്രക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നു
  • മാർച്ച് രണ്ട് മുതൽ ഏപ്രിൽ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ
  • ഏപ്രിൽ 22-ന് ഉത്രയുടെ അഞ്ചൽ ഏറത്തുള്ള വീട്ടിലേക്ക്
  • ഏപ്രിൽ 22 നും മെയ് 7 നും ഇടയിൽ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദർശനം
  • മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി
  • മെയ് ഏഴിന് ഉത്രയുടെ മരണം
  • അന്ന് മുതൽ തന്നെ വീട്ടുകാർക്ക് സംശയം
  • മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
  • മെയ് 12ന് വീട്ടുകാർ പോലീസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു
  • മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേർന്ന് റൂറൽ എസ് പി ഹരിശങ്കറിന് പരാതി നൽകി
     
click me!