സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികള്‍; ആശങ്കയകലാതെ ആലപ്പുഴ

By Web TeamFirst Published Jul 11, 2020, 6:58 AM IST
Highlights

നൂറനാട് ഐടിബിപി ക്യാമ്പില്‍ മൂന്ന് ദിവസത്തിനിടെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ക്യാമ്പിലെ മുഴുവന്‍ പേരെയും പരിശോധിക്കാനാണ് തീരുമാനം.
 

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കള്‍ ഇരട്ടി കൊവിഡ് രോഗികള്‍. നൂറനാട് ഐടിബിപി ക്യാമ്പിലെ രോഗവ്യാപനത്തിനൊപ്പം, ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക കൂട്ടുന്നു. തീരമേഖലയിലെ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്തെ പോസ്റ്റീവ് കേസുകളുടെ ശരാശരി അഞ്ച് ശതമാനം വരെയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലപ്പുഴ ജില്ലയില്‍ പത്ത് ശതമാനത്തിന് അടുത്ത് പോസ്റ്റീവ് കേസുകള്‍ വരുന്നു. നൂറനാട് ഐടിബിപി ക്യാമ്പില്‍ മൂന്ന് ദിവസത്തിനിടെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ക്യാമ്പിലെ മുഴുവന്‍ പേരെയും പരിശോധിക്കാനാണ് തീരുമാനം.

രോഗബാധിതര്‍ നൂറ് കടക്കുമെന്നാണ് വിലയിരുത്തല്‍. ഉറവിടം അറിയാത്ത കേസുകള്‍ കൂടുന്നതാണ് മറ്റൊരു തലവേദന. കുട്ടനാട് പുളിങ്കുന്നില്‍ കുഴഞ്ഞുവീണ് മരിച്ച ബാബുവിനും ചെന്നിത്തലയില്‍ ആത്മഹത്യ ചെയ്ത ദേവികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടയാണ് ആരോഗ്യവകുപ്പ് കാണുന്നത്. 

മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതാണ് മറ്റൊരു വെല്ലുവിളി. രോഗവ്യാപനത്തിന്റെ വക്കിലെത്തിയപ്പോഴാണ് തീരമേഖലയില്‍ മത്സ്യബന്ധവും വില്‍പനയും ഈ മാസം 16 വരെ ജില്ലാ കളക്ടര്‍ നിരോധിച്ചത്. കായംകുളം പോലെ രോഗബാധിതര്‍ കൂടിയ സ്ഥലങ്ങളില്‍ പരിശോധനകളുടെ എണ്ണം കൂട്ടിയെങ്കിലും ഫലം വരാന്‍ വൈകുന്നുണ്ട്. വൈറോളജി ലാബിലെ പരിമിതകള്‍ തന്നെ പ്രധാനകാരണം. നിയന്ത്രിത മേഖകളില്‍ എങ്കിലും വേഗത്തില്‍ ഫലം ലഭിക്കാന്‍ ആന്റിജന്‍ പരിശോധന കൂട്ടണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
 

click me!