
തിരുവനന്തപുരം : സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്ന് മാത്രം 1801 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രായമായവർ, ജീവിതശൈലീ രോഗമുളളവർ എന്നിവരുള്ള വീടുകളിൽ മാസ്ക് നിർബന്ധമായി ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വീടുകളിൽ കഴിയുന്നവരും കൊവിഡ് ബാധിച്ച് മരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. വീട്ടിൽ നിന്ന് പുറത്തുപോകാത്ത 5 പേരാണ് കൊവിഡ് വന്ന് മരിച്ചത്.
കൊവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടില്‍ നിന്നും പുറത്ത് പോകാത്ത 5 പേര്‍ക്ക് കൊവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കൊവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്ത് പോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവര്‍ കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. മറ്റ് സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.