കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി; രാത്രികാല കർഫ്യൂ ഇന്ന് മുതൽ

By Web TeamFirst Published Apr 20, 2021, 7:40 PM IST
Highlights

രോഗവ്യാപനം പിടിച്ചു നിർത്താൻ വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ വീടുകളിലാകും പരിശോധന.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗവർദ്ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. നിലവിൽ 1,18,673 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. 17.45 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളത്ത് മൂവായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു കോഴിക്കോട് രണ്ടായിരത്തിലധികമാണ് ഇന്നത്തെ കണക്ക്.

എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം പിടിച്ചു നിർത്താൻ വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ വീടുകളിലാകും പരിശോധന. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. പരമാവധി രോഗികളെ വേഗത്തിൽ കണ്ടെത്താൻ പരിശോധനകൾ കുത്തനെ കൂട്ടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് താഴെയെത്തിക്കലാണ് ലക്ഷ്യം.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യു ഇന്ന് സംസ്ഥാനത്ത് നിലവിൽ വരികയാണ്. എന്നാൽ വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. നിലവിലുള്ള സാഹചര്യം വിലയിരുത്തിയാണ് മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്. പരിശോധന, പ്രതിരോധം, രാത്രികാല കർഫ്യൂ ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

രണ്ടാം ഡോസ് കോവിഡ് വാക്സിനെടുക്കാനും രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വൈറസിന്റെ ജനിതകമാറ്റം പഠിക്കാൻ ജീനോം പഠനം നടത്തും.

രാത്രികാല കർഫ്യൂ നിലവിൽ വരുന്നതിന് മുന്നോടിയായി പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അത്യാവശ്യം അല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും റംസാൻ നോമ്പുള്ളവർക്ക് ഇളവുണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരിക്കണം.

click me!