തിരുവനന്തപുരത്ത് ഉറവിടമറിയാതെ 20 രോഗികൾ, അണുനശീകരണം ഇന്ന് മുതൽ

By Web TeamFirst Published Jul 3, 2020, 7:01 AM IST
Highlights

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും ബസ് സ്റ്റാൻഡുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്ക് ഒഴിവാക്കാൻ ഇന്ന് മുതൽ കർശന നടപടിയുണ്ടാകും. സമരങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാക്കും.

തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ തലസ്ഥാനത്തെ ആശങ്ക കൂടി. നഗരത്തിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. അതേസമയം, കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇന്ന് അണുവിമുക്തമാക്കും. വഞ്ചിയൂരും കുന്നുമ്പുറവും കണ്ടെയ്ൻമെന്റ് സോണുകളാകും. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഉറവിടമറിയാതെ നാല് പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകച്ചതോടെയാണ് ആശങ്കയേറിയത്. നഗരഹൃദയത്തിലെ തിരക്കേറിയ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനായ അസം സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നിരവധി പേർ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് യാത്ര പശ്ചാതലമൊന്നുമില്ല. ഇയാള്‍ രോഗലക്ഷങ്ങളോടെ 29 ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതോടെ, സാഫല്യം കോംപ്ലക്സിനോട് ചേർന്നുള്ള പാളയം മാർക്കറ്റിൽ അടക്കം കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. 

പാളയം മാർക്കറ്റിൽ വഴിയോര കച്ചവക്കാരെ അനുവദിക്കില്ല. മാർക്കറ്റിന്റെ മുൻഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. മാർക്കറ്റിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക കൗണ്ടർ ഉണ്ടാകും. അതേസമയം, വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നതിലും ആശങ്കയുണ്ട്. പനി ബാധിച്ച നിലയിൽ റോഡിൽ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ വഞ്ചിയൂരിൽ തന്നെ ഉറവിടം അറിയാതെ വൈറസ് ബാധിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.

വിഎസ്‍എസിയിൽ ജോലി ചെയ്തിരുന്ന 25കാരനാണ് നെയ്യാറ്റിൻകരയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബാലരാമപുരത്തെ 47കാരനായ രോഗിക്കും യാതൊരു സമ്പർക്ക-യാത്ര പശ്ചാത്തലവുമില്ല. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും ബസ് സ്റ്റാൻഡുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്ക് ഒഴിവാക്കാൻ ഇന്ന് മുതൽ കർശന നടപടിയുണ്ടാകും. സമരങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാക്കും.

click me!