
തിരുവനന്തപുരം: കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് 19 ന്റെ സാഹചര്യം വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് കേന്ദ്രം സാഹചര്യം ഗൗരവമായി എടുത്തതിന്റെ തെളിവാണ്. കേന്ദ്ര നിർദ്ദേശം എല്ലാവരും പാലിക്കണം. ജനത കർഫ്യു സർക്കാർ പിന്തുണക്കും. മെട്രോയും കെഎസ്ആർടിസിയുമടക്കം എല്ലാ ഗതാഗത സംവിധാനങ്ങളും അടയ്ക്കും. എന്നാൽ അന്ന് കേരളത്തിൽ എല്ലാവരും സ്വന്തം വീടുകൾ ശുചീകരിക്കാൻ ശ്രമിക്കണം.
സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലെവരെ കണ്ടത് പോലെയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അഞ്ച് പേർ എറണാകുളത്തും ആറ് പേർ കാസർകോടും ഒരാൾ പാലക്കാടുമാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 44165 പേർ വീടുകളിലാണ്. 225 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13632 പേരാണ് നിരീക്ഷണത്തിലുള്ളത്. 5570 പേർക്ക് രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. 3336 സാമ്പിളുകൾ പരിശോധിച്ചു."
"ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് പറയുമ്പോൾ അത് നാം ഗൗരവമായി ഈ കാര്യങ്ങളെടുക്കേണ്ടതുണ്ടെന്ന് കാണിക്കുന്നു. എറണാകുളത്ത് വിദേശ ടൂറിസ്റ്റുകൾക്കാണ് രോഗം ബാധിച്ചത്. കാസർകോടിന്റെ കാര്യം വളരെ വിചിത്രമാണ്. ഈ ബാധിച്ചയാള് കരിപ്പൂരാണ് ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം കോഴിക്കോട് പോയി. അവിടെ നിന്ന് ട്രെയിനിൽ കാസർകോടേക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിൽ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. പൊതുപരിപാടി, ഫുട്ബോൾ കളി, വീട്ടിലെ ചടങ്ങിന് ആതിഥേയനായിട്ടുണ്ട്. ഇഷ്ടം പോലെ ഇയാൾ സഞ്ചരിച്ചു. അത്തരമൊരു സ്ഥിതി വന്നപ്പോൾ കാസർകോട് പ്രത്യേക കരുതൽ വേണ്ടി വന്നു. ആവർത്തിച്ച് ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിച്ചു. എന്നാൽ ഇതുപോലെ ചിലർ അതിന് സന്നദ്ധരായില്ല. അതിന്റെ വിനയാണിത്."
ഇപ്പോൾ കാസർകോട് ജില്ലയിൽ എല്ലാ പരീക്ഷകളും റദ്ദാക്കേണ്ട സാഹചര്യം വന്നു. അപ്പോൾ മറ്റിടത്ത് പരീക്ഷകൾ നടത്താനാവില്ല. അതിനാലാണ് എല്ലായിടത്തും റദ്ദാക്കിയത്. സർക്കാർ ഓഫീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വിഭാഗങ്ങളിലെ ജീവനക്കാർ 50 ശതമാനം വീതം ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിലെത്തണം. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ശനിയാഴ്ച അവധി. ആഴ്ചയിൽ അഞ്ച് ദിവസമേ ഓഫീസുകൾ പ്രവർത്തിക്കൂ.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഇത് ബാധകമല്ല. ഓരോ ഓഫീസിലെയും സെക്രട്ടറിക്കും വകുപ്പ് മേധാവിമാർക്കും ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളിൽ വസ്തുനികുതിയും വ്യാപാര നികുതിയും അടയ്ക്കാൻ ഏപ്രിൽ 30 വരെ സമയം. റെവന്യു റിക്കവറി നടപടികൾ ഏപ്രിൽ 30 വരെ നീട്ടിവച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam