ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ എത്തിയ കാസര്‍കോട് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Mar 21, 2020, 11:30 AM IST
Highlights

13-ാം തീയതിയാണ് ഇയാൾ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 
 

കാസ‌ർകോട്: കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബായിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാൾ. 13-ാം തീയതിയാണ് ഇയാൾ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്നലെ ജില്ലയിൽ ആറ് പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു, ഇതിനിടെ ജില്ലിയിൽ നിന്ന് പുറത്തേക്ക് സ‌ഞ്ചരിച്ചയാൾക്ക് കൂടി രോഗം സ്ഥരീകരിക്കപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്. ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ക‌‌‌ർശന നിയന്ത്രണങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ നിലവിലുണ്ട്. 

ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇന്നലെ വൈകിട്ട് തന്നെ പുറത്തിറക്കിയിരുന്നു. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റു പൊതു-സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടണമെന്നാണ് നിർദ്ദേശം. അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടണം. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്.  ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവർത്തിക്കാൻ പാടില്ല. 

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. 

പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ലയില്‍ തന്നെ തുടരണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ  സന്നദ്ധരായിരിക്കണമെന്നും ഉത്തരവില്‍ പറ‌ഞ്ഞിരുന്നു.  നിയമം  ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി വകുപ്പ് പ്രകാരം കേസെടുക്കും. ഉത്തരവ് നടപ്പാക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

click me!