'കൊവിഡ് വിവരശേഖരം ദുരുപയോഗം ചെയ്യില്ലെന്ന് സ്പ്രിംഗ്ളറുമായി കരാറുണ്ട്', ഐടി വകുപ്പ്

By Web TeamFirst Published Apr 13, 2020, 10:52 PM IST
Highlights
സ്പ്രിംഗ്ളർ കേരളത്തിലെ വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് കരാറിലുണ്ടെന്ന് ഐടി വകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ലോക്ക് ഡൗൺ പൂർത്തിയാകുന്നതോടെ വിപുലമായ വിവരശേഖരണം കൈകാര്യം ചെയ്യാൻ പുതിയ കരാറുണ്ടാക്കും. ഇതും സ്പ്രിംഗ്ളറുമായിത്തന്നെയാകും. സൗജന്യസേവനം ലഭിക്കുകയും ചെയ്യും.
തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തിന്‍റെ പേരിലുള്ള വിവാദങ്ങളിൽ മറുപടിയുമായി ഐടി വകുപ്പ്. കൊവിഡ് നിരീക്ഷണത്തിലുള്ളതും രോഗം സ്ഥിരീകരിച്ചതുമായ ആളുകളുടെ വിവരങ്ങൾ നിലവിൽ പോകുന്നത് മുംബൈയിലെ സ്പ്രിംഗ്ളറിന്‍റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡ് സെർവറിലേക്കാണ്. ഈ വിവരസഞ്ചയം പൂർണമായും കേരളസർക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിലെ വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ല എന്ന് നോൺ ഡിസ്‍ക്ലോഷർ കരാർ ഉൾച്ചേർത്തിട്ടുണ്ട്. ഒരു കാരണവശാലും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതലുകൾ ഈ കരാറിന്‍റെ ഭാഗമാണെന്നും ഐടി വകുപ്പ് വിശദീകരിക്കുന്നു. ലോക്ക് ഡൗൺ പൂർത്തിയാകുന്നതോടെ വിപുലമായ വിവരശേഖരണം കൈകാര്യം ചെയ്യാൻ പുതിയ കരാറുണ്ടാക്കും. ഇതും സ്പ്രിംഗ്ളറുമായിത്തന്നെയാകും. ഇതും സൗജന്യമായിത്തന്നെയാണ് സ്പ്രിംഗ്ളർ സംസ്ഥാനസർക്കാരിന് നൽകുന്നതെന്നും ഐടി വകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

എന്തുകൊണ്ട് സർക്കാർ സെർവർ ഇല്ല?

സി- ഡിറ്റിന്‍റെ കീഴിലുള്ള ആമസോൺ സെർവറിന് നിലവിൽ വൻതോതിൽ വിവരശേഖരണം നടത്താനുള്ള ശേഷിയില്ല. അത് കൂട്ടുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച് വരികയാണ്. അത് വരെ എല്ലാ വിവരങ്ങളും സ്പ്രിംഗ്ളറിന്‍റെ കീഴിലുള്ള മുംബൈയിലെ ആമസോൺ ക്ലൗഡ് സെർവറിൽത്തന്നെയാകും സൂക്ഷിക്കുകയെന്നും ഐടി വകുപ്പ് വ്യക്തമാക്കുന്നു. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അമേരിക്കൻ കമ്പനിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ  citizencentre.sprinklr.com എന്ന സബ് ഡൊമൈനിൽ നിന്ന് citizencentre.kerala.gov.in എന്ന സബ് ഡൊമൈനിലേക്ക് കൂടുതൽ വിവരങ്ങൾ ഉൾച്ചേർത്ത് വിവരങ്ങൾ കൈമാറാൻ ഐടി വകുപ്പ് നിർദേശം പുറത്തിറക്കിയിരുന്നു. ഇത് വിവാദം പുറത്തുവന്നതുകൊണ്ടുള്ള നീക്കമല്ലെന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. നേരത്തേ നടന്നുവന്ന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ്. ഇങ്ങനെ ഡൊമൈൻ മാറിയാലും വിവരങ്ങൾ പോകുന്നത് നേരത്തേയുള്ള ആമസോൺ സർവറിലേക്ക് തന്നെയാണെന്ന് ഐടി വകുപ്പ് തുറന്ന് സമ്മതിക്കുന്നുണ്ട്. അതല്ലാതാകണമെങ്കിൽ സി- ഡിറ്റിന് കീഴിലുള്ള സർവർ ശേഷി വർദ്ധിപ്പിക്കണം.

SaaS (Software as a Service) എന്ന, ആമസോൺ ക്ലൗഡ് സർവറിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് ഈ സോഫ്റ്റ്‍വെയർ ടൂൾ എന്ന് ഐടി വകുപ്പ് വിശദീകരിക്കുന്നു. ഉടനടി ലഭിക്കുന്ന ഒരു റെഡി ടു യൂസ് സോഫ്റ്റ്‍വെയറാണിത്. കൊവിഡ് പടർന്നുപിടിച്ചത് വളരെ പെട്ടെന്നാണ്. ഈ വിവരങ്ങളെല്ലാം ശേഖരിക്കാൻ ഒരു സമഗ്രമായ കാര്യക്ഷമമായ സോഫ്റ്റ്‍വെയർ കേരളത്തിന് വേണ്ടിയിരുന്നു. വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം, ഫോൺകോളുകൾ, ഇ- മെയിലുകൾ അങ്ങനെ, നിരവധി സ്രോതസ്സുകൾ വഴി വലിയ രീതിയിൽ വിവരങ്ങൾ കേരളത്തിന്‍റെ വാർ റൂമിലേക്ക് ഒഴുകുകയാണ്. ഇത് മുഴുവൻ സമഗ്രമായി അടുക്കിപ്പെറുക്കാൻ കാര്യക്ഷമമായ വെബ്സൈറ്റ് തന്നെ സർക്കാരിന് വേണം. അതിന് വേണ്ട ഡാഷ് ബോർഡുകൾ തയ്യാറാക്കി ജനങ്ങളിലേക്ക് വിവരങ്ങളെത്തിക്കുകയും ചെയ്യണം. അതിനായാണ് മലയാളിയായ രാഗി തോമസ് നേതൃത്വം നൽകുന്ന കമ്പനി സർക്കാരിനെ സമീപിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടിയിരുന്ന നടപടിയായിരുന്നു ഇത്. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വളരെപ്പെട്ടെന്ന് തന്നെ നടപടികൾ തീരുമാനിക്കപ്പെടുകയും ചെയ്തു - ഐടി വകുപ്പ് വിശദീകരിക്കുന്നു.

അഞ്ച് ഫോമുകളിലായി ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ് ഇതിൽ വിശകലനം ചെയ്യുക:

1) വിദേശങ്ങളിൽ നിന്ന് എത്തിയ ആളുകളുടെ വിവരങ്ങൾ

2) ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിയവരുടെ വിവരങ്ങൾ

3) രോഗികളുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരായ ആരോഗ്യമേഖലാ പ്രവർത്തകരുടെ വിവരങ്ങൾ

4) നമ്മുടെ സമൂഹത്തിൽ വളരെ വേഗം രോഗബാധിതരാകാൻ ഇടയുള്ളവരുടെ വിവരങ്ങൾ (ഈ നാല് വിവരങ്ങളും അതാത് വിഭാഗങ്ങളിൽ ഉൾപ്പടുന്നവർക്ക് സ്വമേധയായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ നൽകാനാകുന്ന വിവരഫോർമാറ്റുകളായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)

5) ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കുന്ന ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കപ്പെടുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചേർക്കേണ്ട വിവരങ്ങൾ

ഇത് മാത്രം ഇനി മതിയാകില്ല. പുതിയ വിവരങ്ങൾ കൂടി ഉൾച്ചേർക്കേണ്ടതുണ്ട്. മാത്രമല്ല, വിദേശത്ത് നിന്ന് ആളുകളെത്തുമ്പോൾ വിപുലമായ വിവരശേഖരണം ആവശ്യമായി വരും. അതിന് വേണ്ടി പുതിയ എന്‍റർപ്രൈസ് കരാർ ഒപ്പുവയ്ക്കും. ഇതിലും വിവരസുരക്ഷാ നടപടികളെക്കുറിച്ച് പരാമർശങ്ങളുണ്ടാകും.

ഒപ്പം ആരോപണങ്ങളിൽ പ്രതിപാദിച്ച വീഡിയോ ചിത്രത്തിൽ സ്പ്രിംഗ്ളർ കമ്പനിയെക്കുറിച്ചല്ല, ഐടി സെക്രട്ടറി പറയുന്നതെന്നും, അത് സർക്കാർ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചാണെന്നും ഐടി വകുപ്പ് വിശദീകരിക്കുന്നു. ഒരു പരിപാടിയിൽ ഐടി സെക്രട്ടറി സംസാരിച്ചതിന്‍റെ ചില ഭാഗങ്ങൾ എടുത്തു ചേർക്കപ്പെട്ട വീഡിയോ മാത്രമാണത് അതെന്നും സർക്കാർ.

ധനമന്ത്രി തോമസ് ഐസകും ഇതിനിടെ വിശദീകരണവുമായി രംഗത്തുവന്നു:

 
click me!