വീണ്ടും കൊവിഡ് മരണം; രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും കൊവിഡ്

By Web TeamFirst Published Jul 17, 2020, 11:29 AM IST
Highlights

അവിട്ടത്തൂർ സ്വദേശി ഷിജുവിനെ ശ്വാസ തടസത്തെ തുടർന്നാണ് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. 42 വയസ്സുണ്ട്. ശ്വസ തടസത്തെ  തുടർന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആർ പരിശോധനയിലും കൊവിഡ് പൊസിറ്റീവ് ആണെന്നാണ് മനസിലായത്. 

എന്നാൽ ഷിജുവിന് എവിടെ  നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളതായി വ്യക്തമല്ല. അതുകൊണ്ട് തന്നെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.   തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 20 പേർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭാ ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. എതിര്‍പ്പുമായി നാട്ടുകാരിൽ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ് .

ബുധനാഴ്ച മരിച്ച കന്യാസ്ത്രീയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ സിസ്റ്റർ ക്ലെയർ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.

 

click me!