യുകെയിൽ നിന്ന് വന്ന 8 പേർക്ക് കൊവിഡ്, ജനിതകമാറ്റം വന്ന വൈറസാണോ എന്നറിയാൻ പരിശോധന

By Web TeamFirst Published Dec 26, 2020, 11:02 AM IST
Highlights

കേരളത്തിൽ മരണനിരക്ക് കൂടിയിട്ടില്ലെന്ന് മന്ത്രി പറയുന്നു. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.

തിരുവനന്തപുരം: യുകെയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയവരിൽ എട്ട് പേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്‍റെ പുതിയ വേരിയന്‍റാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകൾ പുനെയിലേക്ക് അയച്ചിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി. 

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് കൊവിഡ് രോഗബാധിതരുടെ സാമ്പിളുകൾ അയച്ചിട്ടുള്ളത്. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർദ്ധനയുണ്ട്. എന്നാൽ ഉണ്ടാകുമെന്ന് കരുതിയത്ര വർദ്ധനയില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ മരണനിരക്ക് കൂടിയിട്ടില്ല. ഇനിയും നിയന്ത്രിച്ച് നിർത്താനാകും എന്ന് തന്നെയാണ് കരുതുന്നത്. അതിന് നല്ല ജാഗ്രത ആവശ്യമാണ്. 

ഷിഗല്ല വൈറസിന്‍റെ വ്യാപനത്തിൽ ഭീതിയല്ല വേണ്ടത്. ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഷിഗല്ല വൈറസ് പകരാതെ കാക്കാനുള്ള ഏകവഴിയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാജ്യത്തെ പുതിയ പ്രതിദിന കൊവിഡ് കേസുകളിൽ നാലിനൊന്നും കേരളത്തിലാണ്. പുതിയ കണക്കുകൾ പുറത്തു വന്നതോടെ 24 മണിക്കൂറിനിടെ ഉണ്ടായ 24 ശതമാനത്തിലധികം രോഗികളും കേരളത്തിൽ നിന്നാണ് എന്നതാണ് സ്ഥിതി. 

click me!