മലപ്പുറത്ത് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 18 പേർക്ക്; ജില്ലയിൽ ചികിത്സയിലുള്ളത് 226 പേർ

By Web TeamFirst Published Jun 19, 2020, 6:15 PM IST
Highlights

രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്ന് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് 18 പേർക്ക്  കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 226 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നതാണ് ആശ്വാസകരമായ വാർത്ത.

രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്ന് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു വയസുള്ള പെൺകുട്ടിയും ഇതിൽപെടുന്നു. ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ വഴിക്കടവ് തോരക്കുന്ന് സ്വദേശി 75 വയസുകാരനും 67 വയസുള്ള ഭാര്യക്കും, 25 വയസുള്ള മകൾക്കും ഇവരുടെ കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ പെരുമണ്ണ കോഴിച്ചെന സ്വദേശിയായ 33 വയസുകാരന്‍, റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി മെയ് 31 ന് വീട്ടില്‍ തിരിച്ചെത്തിയ എടക്കര പാലേമാട് സ്വദേശി 44 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് വീട്ടിലെത്തിയ മൂന്നിയൂര്‍ വെളിമുക്ക് ആലിങ്ങല്‍ സ്വദേശി 34 വയസുകാരന്‍, ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ഒമ്പതിന് വീട്ടിലെത്തിയ കാളികാവ് സ്വദേശിനി ഗര്‍ഭിണിയായ 26 വയസുകാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി 48 വയസുകാരന്‍, ജിദ്ദയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ ചുങ്കത്തറ സ്വദേശി 54 വയസുകാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 15 ന് കരിപ്പൂരിലെത്തിയ തിരൂര്‍ പയ്യനങ്ങാടി സ്വദേശി 63 വയസുകാരന്‍, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടിലെത്തിയ എടവണ്ണ ഒതായി സ്വദേശിനി 21 വയസുകാരി, അബുദബിയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ആലങ്കോട് ഒതളൂര്‍ കീഴ്ക്കര സ്വദേശി 42 വയസുകാരന്‍, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി 62 വയസുകാരന്‍, അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 41 വയസുകാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് രോഗം സ്ഥിരകീരിച്ച മറ്റുള്ളവർ.

ഹൈദരാബാദില്‍ നിന്ന് ജൂണ്‍ നാലിന് സ്വകാര്യ ബസില്‍ വീട്ടിലെത്തിയ നിലമ്പൂര്‍ നല്ലന്താണി സ്വദേശി 31 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശിനിയായ ഒമ്പത് വയസുകാരി, ചെന്നൈയില്‍ നിന്ന് മെയ് 29ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി വീട്ടിലെത്തിയ തൃപ്രങ്ങോട് സ്വദേശി 47 വയസുകാരന്‍ എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

click me!