പൊതുപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടിക കാസര്‍കോടിന് വെല്ലുവിളി; ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിൽ

By Web TeamFirst Published May 15, 2020, 10:46 AM IST
Highlights

ഇടവേളക്ക് ശേഷം കൊവിഡ് ഗ്രാഫ് ഉയരുന്നത് വലിയ ആശങ്കയാണ് കാസര്‍കോട് ജില്ലയിൽ ഉണ്ടാക്കുന്നത്. പൊതുപ്രവ‍ർത്തകനും ജനപ്രതിനിധിയായ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. 

കാസര്‍കോട്: കൊവിഡ് മുക്ത ജില്ലാ പ്രഖ്യാപനത്തിന്‍റെ ചെറിയ ഇടവേളക്ക് ശേഷം കാസര്‍കോട് ജില്ലയിൽ വീണ്ടും ആശങ്ക. ഇന്നലെമാത്രം പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലാകെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും. 

ഇടവേളക്ക് ശേഷം കൊവിഡ് ഗ്രാഫ് ഉയരുന്നത് വലിയ ആശങ്കയാണ് കാസര്‍കോട് ജില്ലയിൽ ഉണ്ടാക്കുന്നത്. പൊതുപ്രവ‍ർത്തകനും ജനപ്രതിനിധിയായ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. ഇരുവരും നിരവധി ഇടങ്ങളിൽ പോയിട്ടുണ്ടെന്നാണ് വിവരം. രോഗികളേയും കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ ഒരിക്കലും കാസര്‍കോട് ജില്ലാ ആശുപത്രിയിൽ ഏറെ തവണയും പോയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിലാകെ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്ഇപ്പോഴുള്ളത്.

പൊതുപ്രവർത്തകൻ മൂന്ന് തവണ രോഗികളെയും കൊണ്ട് എത്തിയ സാഹചര്യത്തിൽ കഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി. മഹാരാഷ്ട്രയിൽ നിന്നെത്തിയ പൈവളിക സ്വദേശിയെ വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകര്‍ക്ക് രോഗം കിട്ടിയതെന്നാണ് വിലയിരുത്തൽ. പൈവളിക സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിശദമായി എടുത്ത് ശ്രവ പരിശോധന നടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. 

അതേസമയം ഒരു ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ പൊലീസ് ഉള്ളത്. ആളുകൂടുന്നിടത്തെല്ലാം മൈക്ക് അനൗൺസ്മെന്റ് അടക്കം നടത്തുന്നുണ്ട് . സുരക്ഷാ മുൻകരുതലുകളെടുക്കണമെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ഇപ്പോൾ നടക്കുന്നത്. 

 

click me!