നെടുമ്പാശ്ശേരിയില്‍ പരിശോധന കര്‍ശനമാക്കി; സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

By Web TeamFirst Published Mar 14, 2020, 12:16 PM IST
Highlights

നെടുമ്പാശ്ശേരി വിമാനത്താവളത്തിൻറെ ടെർമിനൽ ഭാഗത്തും വൂവിംഗ് ഗ്യാലറിയിലുമാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. യാത്രക്കാർ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നും സിയാൽ നിർദ്ദേശിച്ചിട്ടുണ്ട്. 

കൊച്ചി: കൂടുതൽ ആളുകള്‍ക്ക് കൊവിഡ് 19  സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനകൾ കുടുതൽ കർശനമാക്കി. വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉച്ചക്കു ശേഷം മന്ത്രി വി എസ്  സുനിൽ കുമാറിന്‍റെ അധ്യക്ഷതയിൽ യോഗം ചേരും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൻറെ ടെർമിനൽ ഭാഗത്തും വൂവിംഗ് ഗ്യാലറിയിലുമാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. യാത്രക്കാർ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നും സിയാൽ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളിലും പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലെത്തിച്ചും പരിശോധിക്കുന്നുണ്ട്. 

ഇതിനിടെ ഇറ്റലിയിൽ കുടുങ്ങിക്കിടന്നിരുന്ന മലയാളികളിൽ ഇരുപത്തിയൊന്നു പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. രാവിലെ ഏഴരയോടെയാണ് ദുബായ് വഴി ഇവർ കൊച്ചിയിലെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ബാധയില്ലെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം, തൃശ്ശൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നിന്നുളളവരാണിവർ. 

ഇന്നലെ വണ്ടാനം മെഡിക്കൽ കോളജിൽ നിന്നും കാണാതായ രണ്ടു യുകെ സ്വദേശികൾ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയ ഇവരെ പൊലീസ് ഇടപെട്ടാണ് ആശുപത്രിയൽ എത്തിച്ചത്. ജില്ലയിൽ കൂടുതൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ 80 മുറികൾ ക്രമീകരിച്ചു. പേ വാർഡ് ഒഴിപ്പിച്ചാണ് വാർഡ് ക്രമീകരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

click me!