വർക്കലയിൽ കൊവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലയ്ക്ക് വന്നിട്ടില്ല

By Web TeamFirst Published Mar 16, 2020, 8:16 PM IST
Highlights

ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയെന്നും നിരവധിപ്പേരുമായി ആശയവിനിമയം നടത്തിയെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇത് തെറ്റെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം: വർക്കലയിൽ താമസിക്കവേ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്കു വന്നുവെന്ന പ്രചരണം തെറ്റെന്ന് പൊലീസ്. പൊങ്കാലക്കെത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി. ജനുവരി മാസത്തിൽ ഇന്ത്യയിലെത്തിയ മറ്റൊരു ഇറ്റാലിയൻ പൗരനാണ് ഇത്. ഇദ്ദേഹത്തെ നിരീക്ഷണത്തിൽ വിടുകയും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. 

പക്ഷേ, ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം വര്‍ക്കലയിൽ സ്ഥിതി ഗൗരവതരമാണെന്ന് തന്നെയാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ മുപ്പത് പേരുടെ സാമ്പിൾ ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് ശേഖരിച്ചിട്ടുണ്ട്. ഫലം ചൊവ്വാഴ്ച അറിയാം. 

ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഇറ്റാലിയൻ സ്വദേശിക്ക് ഭാഷ അറിയാത്തതിനാൽ ഏറെ പണിപ്പെട്ടാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. ദ്വിഭാഷിയെ കൊണ്ടുവന്ന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് സംസാരിച്ചാണ് ജില്ലാ ഭരണകൂടം പല തവണകളിലായി റൂട്ട് മാപ്പ് തയ്യാറാക്കിയതും പുറത്തുവിട്ടതും. ആദ്യം വ്യക്തമല്ലാതിരുന്ന പല ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഘട്ടംഘട്ടമായാണ് ശേഖരിച്ചത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ വര്‍ക്കലയിൽ അടിയന്തര യോഗം ചേര്‍ന്നാണ് സ്ഥിതി വിലയിരുത്തിയത്. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രാദേശിക തലത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 10 പേരുള്ള ഒരു വോളണ്ടിയർ സമിതി വാർഡ് തലത്തിൽ രൂപീകരിച്ച് വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയത് അടക്കം ചിലര്‍ അശ്രദ്ധമായി കാര്യങ്ങളെ കാണുന്നത് സാഹചര്യങ്ങളെ വഷളാക്കുകയാണെന്നും യോഗം വിലയിരുത്തി. കൊവിഡ് രോഗം വ്യാപനമുള്ള ഏഴ് രാജ്യങ്ങളിൽപ്പെട്ടവർ മടങ്ങി വരുമ്പോൾ സർക്കാർ തന്നെ വിമാനത്താവളങ്ങളിൽ നിന്ന് വീടുകളിലെത്തിക്കുന്നതിന് നടപടി എടുക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.

click me!