കൊവിഡ് കാലത്തെും സര്‍ക്കാരിന് ധൂര്‍ത്ത്; നിർബന്ധിത സാലറി ചലഞ്ച് വേണ്ടെന്ന് കെ സുരേന്ദ്രൻ

Published : Apr 01, 2020, 01:52 PM IST
കൊവിഡ് കാലത്തെും സര്‍ക്കാരിന് ധൂര്‍ത്ത്; നിർബന്ധിത സാലറി ചലഞ്ച് വേണ്ടെന്ന്  കെ സുരേന്ദ്രൻ

Synopsis

ദുരിതാശ്വാസത്തിന്‍റെ പേരിൽ നിര്‍ബന്ധിത സാലറി ചലഞ്ചിന് ഇറങ്ങുമ്പോൾ  എന്തു വിശ്വസിച്ച് പണം നൽകുമെന്ന് കെ സുരേന്ദ്രൻ 

തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് അടക്കമുള്ള സാമ്പത്തിക ധൂര്‍ത്താണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പണമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

പ്രളയത്തിന്‍റെ പേര് പറഞ്ഞ് സാലറി ചലഞ്ച് അടക്കം നടത്തി പിരിച്ചെടുത്ത തുക ഫലപ്രദമായി വിനിയോഗിക്കാൻ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ദുരിതാശ്വാസത്തിന്‍റെ പേരിൽ നിര്‍ബന്ധിത സാലറി ചലഞ്ചിന് ഇറങ്ങുമ്പോൾ  എന്തു വിശ്വസിച്ച് പണം നൽകുമെന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു. 

കെ സുരേന്ദ്രന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം: 

കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ  കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂർത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമുൾപ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച് സഹായം നൽകി. എന്നാൽ ആ പണം കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതർക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കൾ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. പാർട്ടി നേതാക്കൾ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോൾ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂർത്തടിച്ചും സർക്കാരും അവർക്കൊപ്പം ചേരുകയാണുണ്ടായത്‌. ഇപ്പോൾ ദുരിതാശ്വാസത്തിന്റെ പേരിൽ വീണ്ടും ശമ്പളമുൾപ്പടെ പിടിച്ചെടുക്കാൻ തീരുമാനിക്കുമ്പോൾ എന്തു വിശ്വസിച്ച് പണം നൽകുമെന്ന് സുരേന്ദ്രൻ ചോദിച്ചു. ഈ പണവും ധൂർത്തടിക്കുകയും സിപിഎം നേതാക്കൾ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പ്?

നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണം. കഴിവും മനസുമുള്ളവർ പണം നൽകട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സർക്കാർ നൽകണം. കൊറോണ നിയന്ത്രണത്തിന് സ്വന്തം സുരക്ഷ പോലും നോക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ശുചീകരണത്തിലേർപ്പെട്ടവർ തുടങ്ങി അവശ്യ സർവീസിലുള്ളവരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങില്ലെന്നും സർക്കാർ തീരുമാനിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'